തിരുവനന്തപുരം: ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായാലും പിന്തുണക്കുമെന്ന് പി വി അൻവർ. എന്നാൽ ആര്യാടൻ ഷൗക്കത്ത് സ്ഥാനാർത്ഥിയായാൽ ജയം ഉറപ്പ് പറയാനാകില്ലെന്നും തന്റെ കഴിവിന്റെ പരമാവധി യുഡിഎഫ് സ്ഥാനാർത്ഥിയുടെ ജയത്തിനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആര്യാടൻ ഷൗക്കത്തിനോട് തനിക്ക് വിരോധമില്ലെന്നും തനിക്കൊപ്പം വരാൻ നിൽക്കുന്ന ഇടതുപക്ഷത്തുള്ളവർ നേരിട്ട് കോണ്‍ഗ്രസിൽ ചേരില്ലെന്നും അതുകൊണ്ടാണ് തൃണമൂൽ കോണ്‍ഗ്രസിൽ ചേര്‍ന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തൃണമൂൽ കോൺഗ്രസ്സിൽ ചേർന്നതോടെ അയോഗ്യത ഒഴിവാക്കാൻ എംഎൽഎ സ്ഥാനം പിവി അൻവർ രാജിവെച്ചു. തുടർന്ന് ഉപതെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ മത്സരിക്കില്ലെന്നും അൻവർ പ്രഖ്യാപിച്ചു, യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു.
കൂടാതെ മലപ്പുറം ഡിസിസി അധ്യക്ഷൻ വിഎസ് ജോയിയെ നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആര്യാടൻ ഷൗക്കത്തിനെ പരിഹസിച്ചു കൊണ്ടാണ് വാർത്താസമ്മേളനത്തിൽ അൻവർ സംസാരിച്ചത്.ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയെ നിർദ്ദേശിക്കുക വഴി കോൺഗ്രസിൽ ഭിന്നതയുടെ വിത്തിടാനാണ് അൻവറിന്റെ നീക്കം. മുഖ്യമന്ത്രിക്കും പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരായ ആരോപണങ്ങൾക്ക് പിന്നിൽ സിപിഎമ്മിലെ ഉന്നതരാണെന്ന് പിവി അൻവർ വെളിപ്പെടുത്തി. ആരാണെന്ന് ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്ന് പറഞ്ഞ് സിപിഎമ്മിനെയും സമ്മർദ്ദത്തിലാക്കുകയാണ് അൻവർ. ആരോപണം തള്ളിയ പി ശശി അൻവറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.