കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ അധ്യാപകനിയമന വിവാദത്തില്‍ മമത സര്‍ക്കാരിന് തിരിച്ചടി. പശ്ചിമ ബംഗാള്‍ സ്കൂള്‍ സര്‍വീസ് കമ്മീഷന്റെ കീഴിലുള്ള 25,000-ത്തിലധികം അധ്യാപകരുടെയും അനധ്യാപക ജീവനക്കാരുടെയും നിയമനം റദ്ദാക്കിയ കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. നടപടിക്രമങ്ങള്‍ പാലിക്കാതെ തീര്‍ത്തും ചട്ടവിരുദ്ധമായാണ് നിയമനങ്ങള്‍ നടന്നതെന്നും, വിശ്വാസ്യതയും സുതാര്യതയും ഇല്ലാതായെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
ഹൈക്കോടതി വിധിയില്‍ ഇടപെടാന്‍ ഒരു കാരണവും കാണുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് പി.വി. സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. വഞ്ചനയിലൂടെയാണ് നിയമനം നടത്തിയത്. നിയമന പ്രക്രിയ ഗുരുതരമായ ക്രമക്കേടുകളാല്‍ മലിനമായെന്നും, ഇത് നിയമനങ്ങള്‍ റദ്ദാക്കുന്നതിലേക്ക് നയിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി.
മൂന്ന് മാസത്തിനുള്ളില്‍ പുതിയ നിയമന പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിവാദമായ നിയമന പ്രക്രിയയില്‍ നിയമിക്കപ്പെട്ട എല്ലാവരെയും പിരിച്ചുവിടാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. എന്നാല്‍, ഇതുവരെ ലഭിച്ച ശമ്പളമോ ആനുകൂല്യങ്ങളോ തിരികെ നല്‍കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. ഭിന്നശേഷിക്കാര്‍ക്ക് കോടതി ഇളവ് നല്കിയതിനാല് അവര്‍ക്ക് നിലവിലുള്ള തസ്തികയില്‍ തുടരാം.
2024 ഏപ്രിലിലാണ് പശ്ചിമ ബംഗാളിലെ വിവിധ സ്കൂളുകളിലായി 25,000-ത്തിലധികം സ്റ്റാഫ് അംഗങ്ങളുടെ നിയമനങ്ങള്‍ കല്‍ക്കട്ട ഹൈക്കോടതി റദ്ദാക്കിയത്. പശ്ചിമ ബംഗാളിലെ സര്‍ക്കാര്‍ സ്പോണ്‍സേഡ്, എയ്ഡഡ് സ്കൂളുകളിലേക്ക് 2016ല്‍ നടന്ന നിയമനപ്രക്രിയയുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.