കണ്ണൂർ: മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ എട്ട് സിപിഎം പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷവിധിച്ചു. 2 മുതൽ 6 വരെ പ്രതികൾക്കും 7 മുതൽ 9 വരെ പ്രതികൾക്കുമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 11-ാം പ്രതിക്ക് 3 വർഷം തടവുശിക്ഷയും കോടതി വിധിച്ചു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
2005 ഒക്ടോബർ ഏഴിനായിരുന്നു സൂരജ് കൊല്ലപ്പെട്ടത്. മുഴപ്പിലങ്ങാട് ടെലിഫോൺ എക്സ്ചേഞ്ചിന് മുന്നിലിട്ട് സൂരജിനെ വെട്ടിക്കൊല്ലുകയായിരുന്നു. ബോംബെറിഞ്ഞ ശേഷമായിരുന്നു ആക്രമണം. സിപിഐഎം പ്രവർത്തകനായിരുന്ന സൂരജ് ബിജെപിയിൽ ചേർന്നതിന്റെ പകയാണ് കൊലയ്ക്ക് കാരണമായതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ.