കൊച്ചി: തൃശൂര്‍ പൂര നഗരിയിലെ ആംബുലന്‍സ് യാത്രാ വിവാദത്തില്‍ ബിജെപിക്കെതിരെ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സുരേഷ് ഗോപി ആംബുലന്‍സ് ഉപയോഗിച്ചത് ബിജെപി ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ്. അത് തങ്ങളുടെ മിടുക്കാണ് എന്നാണ് ബിജെപി പറഞ്ഞതെന്നും ആ മിടുക്കിന്റെ ഗുണഭോക്താവാണ് സുരേഷ് ഗോപിയെന്നും അദ്ദേഹം പറഞ്ഞു.
ആംബുലന്‍സ് ഉപയോഗിക്കുന്നതില്‍ ചട്ടങ്ങളുണ്ട്. ചട്ടങ്ങള്‍ ലംഘിച്ചത് സുരേഷ് ഗോപി തന്നെയാണ്. ഒരു എംപി പൊതുശല്യം ആയത് എങ്ങനെ എന്ന് സുരേഷ് ഗോപി തന്നെ വിലയിരുത്തണമെന്നും ബിനോയ് വിശ്വം പറഞ്ഞു. സുരേഷ് ഗോപി നല്ല നടനായിരുന്നുവെന്നും ആ നാട്യം എന്നും തുടര്‍ന്നാല്‍ ഓര്‍മ്മയുണ്ടോ ഈ മുഖം എന്ന് ജനങ്ങള്‍ ചോദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.