ന്യൂഡല്‍ഹി: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണം ആത്മഹത്യ തന്നെയെന്ന് സിബിഐ. ഇത് സംബന്ധിച്ച അന്തിമ റിപ്പോർട്ട് സിബിഐ മുംബൈ പ്രത്യേകകോടതിയില്‍ സമര്‍പ്പിച്ചു. റിപ്പോർട്ട് സ്വീകരിക്കണമോ അതോ കൂടുതൽ അന്വേഷണം നടത്തണമോ എന്ന കാര്യം കോടതിയാണ് തീരുമാനിക്കുക. സുശാന്തിനെ ആരെങ്കിലും ആത്മഹത്യയിലേക്ക് നയിച്ചതിനായുള്ള തെളിവ് കണ്ടെത്താൻ സാധിച്ചില്ലെന്നും നടി റിയാ ചക്രവര്‍ത്തിക്കും കുടുംബത്തിനും അന്വേഷണസംഘം ക്ലീന്‍ചിറ്റ് നല്‍കിയതായും റിപ്പോർട്ടുണ്ട്.
2020 ജൂണ്‍ 14-നാണ് മുംബൈയിലെ ബാന്ദ്രയിലുള്ള അപ്പാര്‍ട്ട്മെന്റില്‍ സുശാന്ത് സിങ് രജ്പുത്തിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സുശാന്തിന്റേത് ആത്മഹത്യയാണെന്നാണ് മുംബൈ പോലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ മകന് ആത്മഹത്യ ചെയ്യില്ലെന്നും കൊല്ലപ്പെട്ടതാണെന്നും, കാമുകിയും നടിയുമായ റിയാ ചക്രവര്‍ത്തിയ്ക്ക് എതിരെ സുശാന്തിന്റെ പിതാവ് രംഗത്തെത്തിയതോടെയാണ് കേസ് സിബിഐ അന്വേഷിച്ചത്.