തൃശൂർ: കാലിക്കറ്റ് സര്‍വകലാശാല ഡി – സോണ്‍ കലോത്സവത്തിലെ സുരക്ഷ ജോലി നിര്‍വഹിക്കുന്നതില്‍ പൊലീസിന് വീഴ്ചയുണ്ടായതായി കണ്ടെത്തല്‍. സംഘര്‍ഷം നടക്കുന്ന സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ചേര്‍പ്പ് സി.ഐ കെ.ഒ. പ്രദീപിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. സംഘര്‍ഷത്തില്‍ പങ്കെടുത്ത കെഎസ്യു പ്രവര്‍ത്തകര്‍ക്ക് രക്ഷപ്പെടാന്‍ ആംബുലന്‍സ് ഏര്‍പ്പാടാക്കി നല്‍കിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മാള എസ്.എച്ച്.ഒ ഐ ശശിക്കെതിരെയും വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചു.മാള ഹോളി ഗ്രേസ് കോളേജില്‍ നടന്ന കലോത്സവത്തിനിടയിലുണ്ടയാ സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തല്‍. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച പരാതിയും സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടും പരിഗണിച്ച് നടത്തിയ അന്വേഷണത്തില്‍ പൊലീസ് വീഴ്ച വ്യക്തമായി. സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈസ്എപിയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് ഇതിന് പിന്നാലെ ചേര്‍പ്പ് സി.ഐ കെ.ഒ. പ്രദീപിനെ സസ്പെന്റ് ചെയ്യാന്‍ നോര്‍ത്ത് സോണല്‍ ഐജി രാജ് പാല് മീണ ഉത്തവിട്ടത്.