തിരുവനന്തപുരം: സസ്പെന്‍ഷനില്‍ തുടരുന്ന എന്‍ പ്രശാന്ത് ഐഎഎസിന്റെ പരാതികള്‍ നേരിട്ട് കേള്‍ക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. ചീഫ് സെക്രട്ടറി നേരിട്ട് ഹിയറിങ് നടത്തും. വകുപ്പുതല നടപടികളില്‍ പരസ്പരം ആരോപണം ഉന്നയിച്ച് നീണ്ടുപോകുന്ന സാഹചര്യത്തിലാണ് നേരിട്ട് ഹിയറിംഗ് നടത്തുക. അടുത്ത ആഴ്ച നേരിട്ട് ഹാജരാകാന്‍ എന്‍ പ്രശാന്ത് ഐഎഎസിന് നോട്ടീസ് നല്കി. കഴിഞ്ഞ നവംബറിലാണ് പ്രശാന്ത് സസ്പെന്‍ഷനിലായത്. ചീഫ് സെക്രട്ടറിയുടെ കാരണം കാണിക്കല്‍ നോട്ടീസിന് തിരിച്ച് വിശദീകരണ നോട്ടീസ് പ്രശാന്ത് നല്‍കിയിരുന്നു.
ഉന്നത ഉദ്യോഗസ്ഥനെയും സഹപ്രവര്‍ത്തകനെയും സമുഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന ആരോപണത്തിലാണ് പ്രശാന്ത് സസ്പെന്‍ഷനിലായത്. നവംബര്‍ 11 നായിരുന്നു സസ്പെന്‍ഡ് ചെയ്തത്. ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്നും അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിന് അവമതിപ്പുണ്ടാക്കും വിധം പ്രവര്‍ത്തിച്ചെന്നുമായിരുന്നു സസ്പെന്‍ഡ് ചെയ്തുള്ള ഉത്തരവില്‍ ഉണ്ടായിരുന്നത്. കുറ്റാരോപണ മെമ്മോക്ക് പ്രശാന്ത് മറുപടി നല്‍കിയിരുന്നില്ല. മറുപടിക്ക് പകരം പ്രശാന്ത് ചീഫ് സെക്രട്ടറിയോട് ചോദ്യങ്ങള്‍ ചോദിച്ചതും വിവാദമായിരുന്നു. ഇതിന് രണ്ട് മറുപടി ചീഫ് സെക്രട്ടറി നല്കി. ആദ്യം നല്‍കേണ്ടത് മറുപടിയാണെന്നും തെളിവുകള്‍ ആവശ്യപ്പെടേണ്ടത് അന്വേഷണ സമിതിക്ക് മുന്നിലാണെന്നുമായിരുന്നു ചീഫ് സെക്രട്ടറിയുടെ മറുപടി.