വാഷിങ്ടൺ: ഇന്ത്യയ്ക്ക് കൈമാറുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു.എസ് സുപ്രീംകോടതിയെ സമീപിച്ച് 2008-ലെ മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവുര്‍ റാണ. പാകിസ്താന് വംശജനും മുസ്ലിമും ആയതിനാൽ ഇന്ത്യയിൽ പീഡിപ്പിക്കപ്പെടാൻ സാധ്യത ഉണ്ടെന്നാണ്
റാണ അപേക്ഷയിൽ പറയുന്നതെന്ന് ഇംഗ്ലീഷ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
റാണയെ അപകടകരമായ സാഹചര്യങ്ങളിലേക്ക് തള്ളിയിടാൻ ആവില്ലെന്ന് ഇയാൾക്ക് വേണ്ടി ഹാജരായ നിയമസംഘം കോടതിയെ അറിയിച്ചു. കേന്ദ്രസർക്കാർ ന്യൂനപക്ഷങ്ങളെ വിവേചനത്തോടെ നോക്കിക്കാണുന്നുവെന്ന 2023-ലെ ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ടും ഇവർ ഇതോടൊപ്പം സമർപ്പിച്ചിരുന്നു എന്നാൽ ഈ റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ രംഗത്തെത്തി.
റാണയെ ഇന്ത്യക്ക് കൈമാറാൻ അമേരിക്കൻ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. മുംബൈ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് ലോസ് ആഞ്ജലിസിലെ മെട്രോപൊളിറ്റൻ ജയിലിലാണ് നിലവിൽ റാണ. 2008 നവംബർ 26-ന് 166 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിൽ ഇന്ത്യ തേടുന്ന കുറ്റവാളിയാണ് റാണ.