ഒരു വർഷത്തെ ഇടവേള പ്രഖ്യാപിച്ച് ഗായകൻ ഡാബ്സീ. വ്യക്തിപരമായ വളർച്ചയും സർഗ്ഗാത്മകതയും ആണ് ഇടവേളയ്ക്ക് പിന്നിലെ കാരണമെന്നാണ് ഡാബ്സീ ഇൻസ്റ്റഗ്രാം പോസ്റ്റിൽ ഇടവേള പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞത്. മലയാളി റാപ്പറും ഗായകനും ഗാനരചയിതാവുമായ ഡാബ്സി മലപ്പുറം സ്വദേശിയാണ്. തല്ലുമാല എന്ന ചിത്രത്തിലെ ‘മണവാളൻ തഗ്’ എന്ന ഗാനത്തിലൂടെയാണ് റാപ്പറായി ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ‘മാർക്കോ’ സിനിമയിലെ ഒരു ഗാനവുമായി ബന്ധപ്പെട്ട് ഡാബ്സീ വിവാദത്തിൽപെട്ടിരുന്നു.
‘പ്രിയരേ, നിങ്ങളുമായി ചില പ്രധാനപ്പെട്ട വിവരം പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. വളരെയധികം ആലോചനകൾക്കും പരിഗണനകൾക്കും ശേഷം, എന്റെ വ്യക്തിപരമായ വളർച്ചയിലും സർഗ്ഗാത്മകതയിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ഒരു വർഷത്തെ ഇടവേള എടുക്കാൻ ഞാൻ തീരുമാനിച്ചു. ഇത് വെറുമൊരു ഇടവേളയെടുക്കൽ മാത്രമല്ല. ഒരുചുവട് പിന്നോട്ടുവെക്കുന്നത് പുതിയ ആശയങ്ങളുമായി തിരികെ വരാനും റീചാർജ് ആവാനും പുതിയ പ്രചോദനങ്ങൾ കണ്ടെത്താനും എന്നെ സഹായിക്കും. മുന്നിലുള്ള സാധ്യതകളെക്കുറിച്ച് ഞാൻ ഏറെ ആവേശഭരിതനാണ്. നിങ്ങൾ എനിക്ക് നൽകിയ സ്നേഹത്തിനും പിന്തുണക്കും നന്ദി. ഉടൻ വീണ്ടും കാണാം’ -ഡാബ്സീ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.