ആലപ്പുഴ : ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ പ്രതി തസ്ലിമ വർഷങ്ങളായി സിനിമയിൽ സജീവം. ഭാഷാ പ്രാവീണ്യമുള്ള തസ്ലിമയുടെ ജോലി തിരക്കഥ വിവർത്തനമാണെന്ന് എക്സൈസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് എക്സൈസ് നീക്കം. തസ്ലിമ സുൽത്താനയെ കൂടാതെ മറ്റൊരു ആളെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട് . തസ്ലിമയായിരുന്നു സിനിമാതാരങ്ങളായ ഷൈൻ ടോം ചാക്കോയ്ക്കും , ശ്രീനാഥ് ഭാസിക്കും ലഹരിമരുന്ന് കൈമാറാറുണ്ടെന്ന മൊഴി നൽകിയത് .
പ്രതികളും ഈ രണ്ട് സിനിമാതാരങ്ങളും തമ്മിലുള്ള ബന്ധം അന്വേഷണപരിധിയിലാണ്. ആവശ്യമെങ്കിൽ ഇവരെ നോട്ടീസ് നൽകി വിളിപ്പിക്കാനാണ് എക്സൈസ് നീക്കം. ഈ കഴിഞ്ഞ ദിവസമാണ് പ്രതികളെ കഞ്ചാവുമായി ആലപ്പുഴയിൽ നിന്ന് പിടികൂടിയത്. മൂന്ന് കിലോ കഞ്ചാവും പ്രതികളില്‍ നിന്ന് പിടികൂടി. അതേസമയം കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.