മലപ്പുറം: വേങ്ങരയിൽ പ്ലസ്ടു പരീക്ഷ എഴുതുന്നതിനിടെ വിദ്യാർഥിനിയുടെ ഉത്തരപേപ്പർ തടഞ്ഞുവെച്ച സംഭവത്തില്‍ അധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. പാണക്കാട് ഡി.യു ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ ഹബീബ് റഹ്മാനെതിരെയാണ് നടപടി. കുറ്റൂർ നോർത്ത് കെ.എം ഹയർ സെക്കൻഡറി സ്കൂളില്‍ ഇക്കണോമിക്സ് പരീക്ഷ എഴുതുകയായിരുന്ന വിദ്യാർഥിനിയുടെ ഉത്തരപേപ്പറാണ് ഇൻവിജിലേറ്റർ ഡ്യൂട്ടിക്കെത്തിയ ഹബീബ് റഹ്മാൻ പിടിച്ചുവെക്കുകയും അര മണിക്കൂറോളം പരീക്ഷ എഴുതാൻ സമ്മതിക്കാതിരിക്കുകയും ചെയ്തത്. വിദ്യാർഥിനി വിദ്യാഭ്യാസമന്ത്രിയുള്‍പ്പെടെയുള്ളവർക്ക് പരാതി നല്‍കിയിരുന്നു.
വീണ്ടും പരീക്ഷ എഴുതാനുള്ള സാഹചര്യം ഒരുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. എസ്.എസ്.എല്‍.സി, പ്ലസ് വണ്‍ പരീക്ഷകളില്‍ ഫുള്‍ എ ഗ്രേഡ് കരസ്ഥമാക്കിയ വിദ്യാർഥിനി സിവില്‍ സർവിസ് പരീക്ഷക്കും തയാറെടുക്കുന്നുണ്ട്. ചോദ്യപേപ്പർ വാങ്ങിവെച്ച് പരീക്ഷ എഴുതാനുള്ള സമയം നഷ്ടപ്പെടുത്തിയതിലൂടെ വിദ്യാർഥിനിയുടെ അവകാശത്തെ ഹനിച്ചതായും ഭാവിയെ ബാധിക്കുന്ന തരത്തില്‍ പ്രവർത്തിച്ചതായും ഡി.ജി.ഇയുടെ ഉത്തരവില്‍ പറയുന്നു. ഇൻവിജിലേറ്ററുടെ ഭാഗത്തുനിന്ന് വീഴ്ചയും അച്ചടക്ക ലംഘനവുമാണുണ്ടായതെന്നും ഉത്തരവില്‍ അറിയിച്ചു.