തിരുവനന്തപുരം: ഏഴ് വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ കുട്ടിയുടെ അയൽവാസിയായ ക്ഷേത്ര പൂജാരിക്ക് 20 വർഷം കഠിനതടവും 25000 രൂപ പിഴയും. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷവിധിച്ചത്.തിരുവല്ലം സ്വദേശി ഉണ്ണികുട്ടൻ എന്ന ഉണ്ണികൃഷ്ണനെ (24) യാണ് കോടതി ശിക്ഷിച്ചത്.ജഡ്ജി ആർ രേഖയാണ് കേസിൽ വാദം കേട്ടത്. പിഴത്തുക അടച്ചില്ലെങ്കിൽ രണ്ടുമാസം കൂടുതൽ തടവ് അനുഭവിക്കണം .പിഴത്തുക കുട്ടിക്ക് നൽകണമെന്നും വിധിയിലുണ്ട്.
2022 ഫെബ്രുവരി 11-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ വീടിനോട് ചേർന്ന വീട്ടിലാണ് പ്രതി ഉണ്ണികൃഷ്ണൻ വാടകയ്ക്ക് താമസിച്ചിരുന്നത്. സംഭവദിവസം പ്രതി കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. സംഭവദിവസം കൂടാതെ പലതവണ പീഡനത്തിന് ഇരയായിയെന്ന് കുട്ടി കോടതിയിൽ മൊഴി നൽകി.
ഭയംമൂലം കുട്ടി ആദ്യം സംഭവം പുറത്ത് പറഞ്ഞില്ല. ഒരാഴ്ച കഴിഞ്ഞ് വീണ്ടും പീഡനശ്രമം നടന്നപ്പോൾ മാമിയോട് സംഭവം വെളിപ്പെടുത്തുകയായിരുന്നു. തുടർന്നാണ് വീട്ടുകാർ പോലീസിൽ പരാതി നൽകിയത്. പ്രതിയുടെ പ്രവൃത്തി സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുന്നതാണെങ്കിലും പ്രതിയുടെ പ്രായം കണക്കിലെടുത്ത് പ്രതിക്ക് നിയമം അനുശാസിക്കുന്ന കുറഞ്ഞ ശിക്ഷ നൽകുകയാണെന്ന് കോടതി വിധി ന്യായത്തിൽ ചൂണ്ടിക്കാട്ടി.