അമേരിക്കയിലെ ലോസ് ആഞ്ചലസിൽ പടരുന്ന കാട്ടുതീയിൽ മരണം പത്തായി ഉയർന്നു. വീടുകളടക്കം 10,000 കെടിടങ്ങൾ തകർന്നതായി അനുമാനിക്കുന്നു.ഹോളിവുഡ് സിനിമാതാരങ്ങളുടെ വസതികളും കാട്ടുതീയിൽ ചാമ്പലായി. ഇതേതുടർന്ന് 1.8 ലക്ഷം പേരെ ഒഴിപ്പിച്ചുമാറ്റി.
വ്യാഴാഴ്ച വരെ അഞ്ചു കാട്ടുതീയാണ് ലോസ് ആഞ്ചലസ് കൗണ്ടിയുടെ പല ഭാഗങ്ങളിലായി പടർന്നത് . ലോസ് ആഞ്ചലസ് നഗരത്തിന്റെ പടിഞ്ഞാറു ഭാഗത്തു പടരുന്ന കെന്നത്ത് ഫയർ എന്ന കാട്ടുതീ കിഴക്കുവശത്തുള്ള ഈറ്റൺ ഫയർ എന്ന കാട്ടുതീയുമാണു കൂടുതൽ നാശം വിതയ്ക്കുന്നത്. ഇരു കാട്ടുതീകളിലുമായി 34,000 ഏക്കർ ഭൂമി ചാമ്പലായി.
പലിസേഡ് കാട്ടുതീയുടെ ആറു ശതമാനം മാത്രമാണ് ഇതുവരെ അണയ്ക്കാൻ കഴിഞ്ഞത്. കാട്ടുതീ മൂലമുള്ള നഷ്ടം 15,500 കോടി ഡോളറിനടുത്തേക്ക് ഉയർന്നതായി അനുമാനിക്കുന്നു. അതേസമയം ലോസ് ആഞ്ചലസിലെ കാട്ടുതീയിൽ തന്റെ വീട് പൂർണമായും കത്തി നശിച്ചെന്ന് ഓസ്കർ ജേതാവായ ഹോളിവുഡ് നടൻ മെൽ ഗിബ്സൺ അറിയിച്ചു. മാലിബുവിൽ 15 വർഷമായി താമസിക്കുന്ന വീടാണ് തീപിടുത്തത്തിൽ ഇല്ലാതായത്.ഹോളിവുഡ് താരങ്ങളും സെലിബ്രിറ്റികളുമായ ആന്റണി ഹോപ്കിൻസ്, ജോൺ ഗുഡ്മാൻ, അന്നാ ഫാരിസ്, പാരീസ് ഹിൽട്ടൺ, ബില്ലി ക്രിസ്റ്റൽ തുടങ്ങിയവരുടെ വീടുകളും കാട്ടുതീയിൽ നശിച്ചു.