സംസ്ഥാനത്ത് വൈദ്യുതി ആവശ്യത്തിൽ വന്ന വർധനയും പവർ എക്സ്ചേഞ്ച് മാർക്കറ്റിലെ വൈദ്യുതി ലഭ്യതകുറവും ഉണ്ടാക്കാനിടയുള്ള പ്രതിസന്ധി പരിഹരിച്ച് കെഎസ്ഇബി.ഹ്രസ്വകാലത്തേക്ക് ടേംഎഹെഡ് മാർക്കറ്റ് 500 മെഗാവാട്ടിന്റെ ഹ്രസ്വകാല കരാറിലെത്തി. പവർ എക്സ്ചേഞ്ച് വഴിയാണ് വെെദ്യുതി വാങ്ങുന്നത്. തിങ്കൾ മുതൽ വൈദ്യുതി ലഭിച്ചു തുടങ്ങി.
നിലവിൽ 10 രൂപ നിരക്കിൽ അടുത്ത 10 ദിവസത്തേക്കാണ് വാങ്ങുന്നത്. വൈദ്യുതി ലഭ്യതയിൽ കുറവ് വരുന്ന ദിവസമോ തലേദിവസമോ കമ്പോളങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങുന്ന രീതി പലപ്പോഴും വൈദ്യുതി കിട്ടാത്ത സാഹചര്യം ഉണ്ടാക്കിയിരുന്നു. ഇത് മറികടക്കാനാണ് ടേം എഹെഡ് മാർക്കറ്റിലൂടെ ഒന്നിച്ച് വാങ്ങാനുള്ള തീരുമാനം.

ഉയർന്ന നിരക്ക് ഉപഭോക്താക്കൾക്ക് ഭാരമാകാതിരിക്കാൻ പീക് ടൈമിലേക്ക് മാത്രമായിരിക്കും വൈദ്യുതി വാങ്ങുക. പീക്ക് സമയത്ത് 4300 മെഗാവാട്ട് വൈദ്യുതി ആവശ്യമായിവരുന്നു. 3300 മെഗാവാട്ട് മാത്രമാണ് ലഭ്യമാകുന്നത്. ഈ കുറവ് പരിഹരിക്കാനാണ് പുതിയ കരാർ. ഇടുക്കി ജലവൈദ്യുത പദ്ധതിയിലെ അഞ്ചാം നമ്പർ മെഷീൻ തകരാർ പരിഹരിച്ചും മൂന്നാം നമ്പർ മെഷീന്റെ വാർഷം തോറും നടത്തുന്ന അറ്റകുറ്റപ്പണികൾ മാറ്റിവെച്ചും ആഭ്യന്തര ഉത്പാദനം 1600 മെഗാവാട്ട് എന്നത് 1900 ആയി ഉയർത്തി.
ദീർഘകാല കരാറിൽ ഏർപ്പെടുന്നതിന്റെ ഭാഗമായി സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ നിന്ന് അടുത്ത വർഷം മുതൽ യൂണിറ്റിന് 3.49 രൂപ നിരക്കിൽ രാത്രിയിലെ ഉപയോഗത്തിനുൾപ്പടെ 500 മെഗാവാട്ട് വൈദ്യുതി ലഭിക്കും. ഇതിന് പുറമേ 15 വർഷത്തേക്കുള്ള 500മെഗാവാട്ടിന്റെ ടെണ്ടർ നടപടികൾ അവസാനഘട്ടത്തിലാണ്.