കേരള രാഷ്ട്രീയം എന്നും സർപ്രൈസുകൾ നിറഞ്ഞതാണ്. പ്രതീക്ഷിക്കാത്ത ചിലരെ വാനോളം ഉയർത്തുകയും എല്ലാവരും ഏറെ പ്രതീക്ഷിച്ച ചിലരെ വലിച്ചു താഴെ ഇടുകയും ചെയ്യപ്പെടുന്ന ഇടമാണ് കേരള രാഷ്ട്രീയം. പല മഹാരഥന്മാരും നമ്മുടെ രാഷ്ട്രീയ ചതുരംഗക്കളിയിൽ ഒന്നും ആകാതെ പോയിട്ടുണ്ട്. ചിലരാകട്ടെ അധികാര കേന്ദ്രങ്ങളിൽ മികവിന്റെ വിസ്ഫോടനം തീർത്ത് കടന്നുപോയിട്ടും ഉണ്ട്. ലോക രാഷ്ട്രീയ ഭൂപടത്തിൽ തന്നെ കേരളത്തിന്റെ പേരും പ്രശസ്തിയും എത്തിച്ചൊരു മഹാ മനുഷ്യനാണ് ശശി തരൂർ. ഉറച്ച കോൺഗ്രസുകാരൻ ആയി രാഷ്ട്രീയമണ്ഡലത്തിൽ നിറഞ്ഞുനിൽക്കുമ്പോഴും എല്ലാ ശബ്ദങ്ങളെയും ഉൾക്കൊള്ളുന്ന സമീപനമാണ് ശശി തരൂർ സ്വീകരിച്ചിട്ടുള്ളത്. അതിന്റെ പേരിൽ ഇത്രമേൽ പഴികേട്ട മറ്റൊരു നേതാവും രാഷ്ട്രീയ കേരളത്തിൽ ഉണ്ടായിരിക്കില്ല. അതിരുകളില്ലാത്ത അറിവും പണ്ഡിത്യവും കാര്യങ്ങളെ തിരിച്ചറിയുവാനുള്ള കഴിവും ക്രിയാത്മക സമീപനങ്ങളും ആണ് തരൂരിനെ വിശ്വപൗരനാക്കിയത്.
ലോകവും രാജ്യവും കേരളവും അംഗീകരിക്കുമ്പോഴും സ്വന്തം പാർട്ടിയിലെ ചിലർ മാത്രമാണ് തരൂരിനെ നിരന്തരം വേട്ടയാടിയിട്ടുള്ളത്. ആ വേട്ടയാടലിന് പിന്നിലെ ഏറ്റവും പ്രധാനപ്പെട്ട കാരണം അയാൾ പാർട്ടിക്ക് വിധേയനല്ല എന്നതായിരുന്നു. സംസ്ഥാനത്ത് പൊതുവേ പിന്തുടരുന്ന ഒരു രാഷ്ട്രീയ നയം എന്നത് പ്രതിപക്ഷത്ത് ആണെങ്കിൽ ഭരണപക്ഷത്തിന്റെ ഒരു നയത്തെയും അംഗീകരിക്കരുത് എന്നതാണ്. അത് ഇനി എത്ര നല്ല കാര്യമാണെങ്കിലും വിമർശന സാധ്യതകളാണ് തേടേണ്ടതെന്ന് പ്രതിപക്ഷം അതിന്റെ നേതാക്കളെ കാലാകാലങ്ങളിൽ പറഞ്ഞു പഠിപ്പിക്കാറുണ്ട്. എന്നാൽ തരൂർ ഒരു കാലത്തും അത്തരം പഠനങ്ങൾക്ക് നിന്നു കൊടുത്തിട്ടില്ല. മോദിയാണെങ്കിലും പിണറായി വിജയൻ ആണെങ്കിലും നല്ലത് ചെയ്താൽ നല്ലതെന്ന് തരൂർ പറയും. അത് പറഞ്ഞതിന്റെ പേരിൽ പ്രതിസന്ധിയിൽ ആയ ഒരുപാട് ഘട്ടങ്ങൾ തരൂരിന്റെ രാഷ്ട്രീയ ജീവിതത്തിൽ ഉണ്ട്.
സിൽവർ ലൈൻ സമരം നടക്കുന്ന കാലത്ത് കോൺഗ്രസ് നേതാക്കൾ സിപിഎമ്മിന്റെ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കരുതെന്ന തീരുമാനം ഉണ്ടായിരുന്നു. അന്ന് സിപിഎം ക്ഷണിച്ചിരുന്ന മൂന്നു നേതാക്കൾ കെ വി തോമസും ശശി തരൂരും രമേശ് ചെന്നിത്തലയും ആയിരുന്നു. പാർട്ടിയുടെ തീരുമാനത്തിന് വിരുധമായി ആയിരുന്നു അന്ന് തരൂർ നിലകൊണ്ടത്. ഏറെക്കാലം പാർട്ടിയുടെ തീരുമാനം അനുസരിക്കാതെ അദ്ദേഹം അനിശ്ചിതത്വം തുടർന്നു. കേരളത്തിലെ ഒരു നേതാവും പറയുന്നത് കേൾക്കില്ലെന്ന് അദ്ദേഹം നിലപാടെടുത്തു. തുടർന്ന് സോണിയാഗാന്ധിയുടെ അഭ്യർത്ഥനപ്രകാരം ആയിരുന്നു അന്ന് തരൂർ സമ്മേളനത്തിൽ പങ്കെടുക്കാതെ പോയിരുന്നത്. പിന്നെയും പല ആവർത്തി തരൂർ പാർട്ടിയെ പ്രതിസന്ധിയിലാക്കി സ്വയം ‘സൂപ്പർ നേതാവ്’ആയിട്ടുണ്ട്. ഇപ്പോഴും അദ്ദേഹം ഒരു വലിയ വിവാദത്തിന് തിരികൊടുത്തിരിക്കുകയാണ്. വ്യവസായ മേഖലയിൽ കേരളത്തിലുണ്ടായ മാറ്റത്തെ പ്രകീർത്തിച്ചുകൊണ്ട് തരൂർ തയ്യാറാക്കിയ ലേഖനമാണ് ഇപ്പോഴത്തെ കത്തുന്ന വിവാദം.
‘ചെയ്ഞ്ചിങ് കേരള;ലംബറിങ് ജമ്പോ റ്റു എ ലൈത് ടൈഗർ’ എന്ന തലക്കെട്ടിൽ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ വെള്ളിയാഴ്ച എഴുതിയ ലേഖനത്തിലാണ് കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ വളർച്ചയെ ശശിതരൂർ പ്രശംസിച്ചത്. വ്യവസായ അന്തരീക്ഷം അനുകൂലമാക്കിയ ഈസ് ഓഫ് ഡൂയിങ് ബിസിനസ് പട്ടികയിലെ കേരളത്തിന്റെ ഒന്നാം സ്ഥാനവും ചുവപ്പുനാടയിൽ കുരുങ്ങാതെ വ്യവസായ സാഹചര്യം ഒരുക്കുന്നതും തരൂർ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിൽ 28-ാം സ്ഥാനത്തായിരുന്ന കേരളം ഇപ്പോൾ ഒന്നാം സ്ഥാനത്തായി.2024ലെ ഗ്ലോബൽ സ്റ്റാർട്ട് അപ്പ് ഇക്കോ സിസ്റ്റം റിപ്പോർട്ട് പ്രകാരം കേരളത്തിൻറെ സ്റ്റാർട്ട്അപ്പ് മൂല്യം ആഗോള ശരാശരിയേക്കാൾ 5 ഇരട്ടി അധികമാണെന്ന് ലേഖനത്തിൽ പറയുന്നു. സംരംഭങ്ങൾക്ക് ഏകജാലത്തിലൂടെ അനുമതി ലഭിക്കുന്നത് കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ടാണെന്നും ശശി തരൂർ ലേഖനത്തിൽ പറയുന്നു. വ്യവസായം തുടങ്ങാൻ സിംഗപ്പൂരിലോ അമേരിക്കയിലോ മൂന്നുദിവസം എടുക്കുമ്പോൾ ഇന്ത്യയിൽ ശരാശരി 114 ദിവസം എടുക്കും. കേരളത്തിൽ 236 ദിവസവും എടുക്കും.
എന്നാൽ കുറച്ച് ദിവസങ്ങൾക്കു മുൻപ് വ്യവസായ മന്ത്രി പി രാജീവ് രണ്ട് മിനിറ്റിനുള്ളിൽ കേരളത്തിൽ ബിസിനസ് തുടങ്ങാമെന്ന് പ്രഖ്യാപിച്ചത് വലിയ മാറ്റമാണെന്നും ശശിതരൂർ തുറന്നെഴുതുകയായിരുന്നു. ഈ എഴുത്താണ് അല്ലെങ്കിൽ തന്നെ നൂറുകൂട്ടം പ്രശ്നങ്ങൾക്ക് ഇടയിൽ നിൽക്കുന്ന കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലേക്ക് ആക്കിയത്. പിണറായി സർക്കാരിനെ പ്രകീർത്തിച്ചു കൊണ്ടുള്ള ശശി തരൂരിന്റെ നല്ല വാക്കുകൾ സിപിഎം നേതാക്കളെ ഒന്ന് സുഖിപ്പിച്ചിട്ടുണ്ട്. അതേസമയം കോൺഗ്രസുകാർക്കുള്ളിൽ പ്രതിഷേധത്തിന്റെ ഇടിമുഴക്കവും ഉയരുന്നുണ്ട്. ലേഖനത്തിന് പിന്നാലെ തരൂരിന്റെ പിന്തുണയെ ഏറ്റവുമധികം ഉയർത്തിക്കാട്ടുന്നത് സിപിഎം നേതാക്കൾ തന്നെയാണ്. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും വ്യാവസായിക മന്ത്രി പി രാജീവും തരൂരിന്റെ പ്രസ്താവന ആവേശത്തോടെ സ്വാഗതം ചെയ്തു. എന്ത് കണ്ടിട്ടാണോ തരൂർ ഇത് എഴുതിയതെന്ന് അറിയില്ലെന്നായിരുന്നു സതീശന്റെ പ്രതികരണം. താൻ വലിയ വിശ്വപൗരന്നുമല്ലെന്നും സാധാരണ പ്രവർത്തകൻ ആണെന്നുമായിരുന്നു കെ മുരളീധരന്റെ പ്രതികരണം.
മിക്ക കോൺഗ്രസ് നേതാക്കളും തരൂരിനെ തള്ളിപ്പറഞ്ഞപ്പോൾ പ്രവർത്തകർ ആകട്ടെ സാമൂഹ്യമാധ്യമങ്ങളിൽ ഒരു വശത്തുനിന്ന് തെറിവിളി ആരംഭിക്കുകയും ചെയ്തു. മുൻപ് ഇന്ന് പിണറായിയെ പ്രകീർത്തിച്ചത് പോലെ മോദിയെയും തരൂർ പലയാവർത്തി പുകഴ്ത്തിയിട്ടുണ്ട്. അന്നൊക്കെ ലഭിച്ചതിനേക്കാൾ വലിയ മോശം അനുഭവമാണ് തരൂരിന് ഇന്ന് ലഭിക്കുന്നത്. ഒരുപക്ഷേ കോൺഗ്രസ് നേതാക്കളുടെയും അതിലേറെ സൈബർ കൊങ്ങികളുടെയും അതൊരു വിട്ട പദപ്രയോഗങ്ങൾ തരൂരിനെ സിപിഎമ്മിലേക്ക് എത്തിക്കുമെന്ന വിലയിരുത്തലുകൾ നടത്തുന്നവരും ഉണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസുമായും വളരെ അടുത്ത ബന്ധം ഉള്ള ആളാണ് തരൂർ. കേരളത്തിൽ ആകട്ടെ മൂന്നാം തവണയും തുടർഭരണത്തിന്റെ സാധ്യതകൾ തേടുകയാണ് മുഖ്യമന്ത്രിയും കൂട്ടരും. പിണറായി കഴിഞ്ഞാൽ സിപിഎമ്മിനുള്ളിൽ നല്ലൊരു മുഖ്യമന്ത്രി സ്ഥാനാർഥി പോലും ഇല്ലാത്ത സാഹചര്യമാണ്. മറ്റൊരുതരത്തിൽ പറഞ്ഞാൽ പിണറായിക്കപ്പുറം ആരും വളരരുതെന്ന സിദ്ധാന്തമാണ് ഇന്നത്തെ സിപിഎമ്മിനെ നയിക്കുന്നത്.
അതേസമയം പിണറായിയെ മുൻനിർത്തി ഒരു തെരഞ്ഞെടുപ്പ് കൂടി വിജയിക്കുക എന്നതും അത്ര എളുപ്പമല്ല. അവിടെയാണ് തരൂരിനെ പോലെ ഒരു വിശ്വ പൗരനെ മുൻനിർത്തി തെരഞ്ഞെടുപ്പിനെ നേരിട്ടാൽ വലിയ മുന്നേറ്റം ഉണ്ടാക്കുവാൻ കഴിയും എന്ന് സിപിഎം കരുതുന്നു. കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്ക് എത്തിയാൽ തരൂരിനോളം മികച്ചൊരു മുഖ്യമന്ത്രി സ്ഥാനാർഥിയെ അവർക്ക് കിട്ടാനില്ല. നമ്മുടെ നാട്ടിലെ ചെറുപ്പക്കാരും വിദ്യാസമ്പന്നരും തരൂരിനെ പോലെയുള്ള വരെയാണ് ആഗ്രഹിക്കുന്നത്. ആ സാധ്യതയാണ് സിപിഎം ഉപയോഗപ്പെടുത്തുവാൻ പോകുന്നത്. ഏതുവിധേനയും തരൂർ സിപിഎമ്മിന്റെ ഭാഗമായാൽ അത് അവർക്കുണ്ടാകുന്ന മൈലേജ് ചെറുതൊന്നുമല.
അപ്പോഴും സിപിഎമ്മിന് വല്ലാണ്ട് അങ്ങ് വിശ്വസിക്കുവാനും തരമില്ല. പണ്ട് വിഎസിനെ കാട്ടി പിണറായി അധികാരത്തിൽ എത്തിയ ശേഷം അദ്ദേഹത്തെ കറിവേപ്പില പോലെ പുറത്തേക്ക് കളഞ്ഞ അതേ സാഹചര്യം തരൂരിനും ഉണ്ടാകുമെന്ന് രാഷ്ട്രീയ വിമർശകർ ചൂണ്ടിക്കാട്ടുന്നു. അപ്പോഴും താൽക്കാലികമായി എങ്കിലും സിപിഎമ്മിനെ സംബന്ധിച്ചെടുത്തോളം തരൂരിന്റെ വരവ് ആവേശം നൽകുന്നത് തന്നെയായിരിക്കും. ആ ആവേശത്തിൽ തരൂർ ഉൾപ്പെടെ ആരൊക്കെ കടപുഴകി വീഴുമെന്ന് കാത്തിരുന്നു കാണേണ്ടതാണ്