വീണ്ടും ശശി തരൂർ വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് ചേക്കേറുകയാണ്. കേരളത്തിലെ കോണ്‍ഗ്രസില്‍ നേതൃത്വ ദാരിദ്ര്യം ഉണ്ടെന്ന് അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. ഇംഗ്ലീഷ് ദിനപത്രത്തിന് നല്കിയ അഭിമുഖത്തിലാണ് ഇത്തരം പരാമര്‍ശങ്ങൾ. നന്നായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ കേരളത്തില്‍ കോണ്‍ഗ്രസ് മൂന്നാംതവണയും പ്രതിപക്ഷത്തിരിക്കുമെന്നും തരൂര്‍ പറഞ്ഞുവെക്കുന്നുണ്ട്. കോണ്‍ഗ്രസ് വോട്ടുകൊണ്ടു മാത്രം കേരളത്തില്‍ ജയിക്കില്ലെന്നും ജനങ്ങളുടെ വലിയ പിന്തുണ തനിക്കുണ്ടെന്നും കോണ്‍ഗ്രസ് വിരുദ്ധവോട്ടുകളും തനിക്ക് ലഭിച്ചെന്നും തരൂര്‍ പറയുന്നു.
സ്വതന്ത്രമായി അഭിപ്രായപ്രകടനം നടത്താന്‍ കഴിയുന്നതിനാലാണ് നാലുതവണ എംപിയായതെന്നും പാര്‍ട്ടി മാറുന്നത് ആലോചനയിലില്ലെന്നും പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് മറ്റ് പണികളുണ്ടെന്നും തരൂര്‍ തുറന്നടിക്കുന്നു. തന്റെ കഴിവുകള്‍ പാര്‍ട്ടി വിനിയോഗിക്കണമെന്നും തരൂര്‍ ആവശ്യപ്പെടുന്നുണ്ട്. രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ തൃപ്തിയില്ലെന്നാണ് ശശി തരൂരിന്റെ പുതിയ പരാമര്‍ശങ്ങള്‍ സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വം ലക്ഷ്യമിട്ടുള്ള നീക്കമാണ് ശശി തരൂരിന്റെ പുതിയ അഭിമുഖത്തിലെ പരാമര്‍ശങ്ങളെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. താന്‍ നേതൃപദവിക്ക് അനുയോജ്യനാണെന്ന് പല ഏജന്‍സികള്‍ നടത്തിയ സര്‍വേകളും ചൂണ്ടിക്കാട്ടിയിരുന്നുവെന്ന് തരൂര്‍ പറയുന്നുണ്ട്.
കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിക്കുവാനും തരൂർ തയ്യാറാകുന്നുണ്ട്. സോണിയാ ഗാന്ധിയും മന്മോഹന് സിംഗും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടതുകൊണ്ടാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും തനിക്ക് മറ്റു പണികൾ ഉണ്ടെന്നും തരൂർ പറയുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വ്യവസായരംഗത്തെ പുകഴ്ത്തി ലേഖനമെഴുതിയെന്ന വിവാദം കെട്ടടങ്ങും മുന്‍പേയാണ് പുതിയ പരാമര്‍ശങ്ങളുമായി ശശി തരൂര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. അതേസമയം ശശി തരൂരിന്റെ നീക്കങ്ങള്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനാണെന്ന വിലയിരുത്തലിലാണ് ദേശീയ നേതൃത്വം.
ഈ സാഹചര്യത്തിൽ തുടർ ചർച്ചകളില്ലെന്ന സൂചന നൽകിയിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. പൊട്ടിത്തെറി നിലനിക്കുന്ന സമയത്ത് തന്നെ ഡൽഹിയിൽ ശശി തരൂരും രാഹുൽ ഗാന്ധിയും കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ചർച്ചയിൽ തരൂർ മുൻപോട്ട് വച്ച ആവശ്യങ്ങളൊന്നും ഹൈക്കമാൻഡ് അംഗീകരിക്കില്ല എന്ന സൂചനകളാണ് പുറത്ത് വരുന്നത്. കൂടാതെ പാർട്ടിയിൽ കുറെക്കാലമായി തന്നോട് അവഗണനയുണ്ടെന്നും കൂടിയാലോചന കുറയുന്നെന്നും തരൂർ രാഹുലിനോട് പരാതിപ്പെട്ടിട്ടുണ്ട്. എന്നാൽ ദേശീയ തലത്തിലും, സംസ്ഥാനത്തും സംഘടന ചുമതലകളിലേക്ക് തൽക്കാലം തരൂരിനെ പരിഗണിക്കേണ്ടതില്ലെന്നാണ് ഹൈക്കമാൻഡിന്റെ തീരുമാനം.
കൂടാതെ പാർലമെൻറിലും മറ്റ് എംപിമാർക്ക് നൽകുന്ന പരിഗണന മാത്രമേ നൽകുകയുള്ളുവെന്നും വ്യക്തമാക്കി. അതേസമയം അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ തരൂരിന്റെ തുടർ നീക്കങ്ങളും നിർണ്ണായകമാകും. കൂടാതെ കോൺഗ്രസ് നേതൃത്വം ആക്രമിക്കുന്ന രീതിയിൽ എത്തിയാൽ കടുത്ത നിലപാട് സ്വീകരിക്കേണ്ടി വരുമെന്ന് രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയിൽ തരൂർ വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടി നിലപാടിന് വിരുദ്ധമായ നിലപാടുകളെടുത്തെങ്കിലും തരൂരിനെതിരെ ആദ്യം കോൺഗ്രസിന് പ്രശ്നമൊന്നും ഉണ്ടായില്ല എന്നാൽ നിലപാട് തിരുത്താതെ ഉറച്ച് നിന്ന തരൂരിനോട് സംസ്ഥാന നേതൃത്വം കടുപ്പിച്ചതോടെയാണ് ഹൈക്കമാൻഡ് ഇടപെടലുണ്ടായത്.
ഒടുവിലായി പുറത്തുവന്ന ലേഖനം 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ കോൺഗ്രസിനെ നയിക്കാനുള്ള ചുമതല തനിക്ക് വേണമെന്ന ആവശ്യമാണ് മുന്നോട്ടുവെക്കുന്നതെന്ന് തരൂരിന്റെ വാക്കുകളിൽ വ്യക്തമാണ്. അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തന്നെ നിശ്ചയിക്കണമെന്നു കൂടിയാണ് പറയാതെ പറയുന്നതെന്നതും തരൂരിന്റെ മുന്നറിയിപ്പ് സൂചിപ്പിക്കുന്നു.
സംസ്ഥാനത്ത് ബി ജെ പി ആദ്യമായി വിജയം പ്രതീക്ഷിച്ച് തുടങ്ങിയ മണ്ഡലമാണ് തിരുവനന്തപുരം. കേരളത്തിന്റെ ലോക്സഭ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ തന്നെ ആദ്യമായി ബി ജെ പി രണ്ടാമത് എത്തിയതും തിരുവനന്തപുരത്താണ്. മറ്റൊരു മണ്ഡലത്തിലും 2024ന് മുമ്പ് വരെ അവര്‍ക്ക് രണ്ടാമത് എത്താന്‍ സാധിച്ചിട്ടില്ല. 2014 ലെ തിരഞ്ഞെടുപ്പില്‍ വിജയത്തിന്റെ വക്കോളം എത്തുന്ന പ്രകടനമായിരുന്നു ബി ജെ പി കാഴ്ചവെച്ചത്. 15470 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അന്ന് യു ഡി എഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ വിജയം. തരൂർ ഇടഞ്ഞു പാർട്ടി വിട്ടാൽ ഉപതെരഞ്ഞെടുപ്പിന് സാധ്യത വന്നാല്‍ തിരുവനന്തപുരത്ത് ജയിച്ചേ മതിയാകൂവെന്ന നിലപാടിലാണ് ബിജെപി.