തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്ന് കാണാതായ 13 വയസ്സുകാരിക്കായി കന്യാകുമാരിയില്‍ വ്യാപക തിരച്ചില്‍. കന്യാകുമാരി റെയില്‍വേ സ്റ്റേഷന്, ബീച്ച് പരിസരം തുടങ്ങിയവ കേന്ദ്രീകരിച്ചാണ് പോലീസ് സംഘം തിരച്ചില്‍ തുടരുന്നത്. റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചെങ്കിലും കുട്ടിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ലെന്നാണ് സൂചന. അതിനിടെ, ബുധനാഴ്ച പുലര്‍ച്ചെ കുട്ടിയെ കണ്ടതായി കന്യാകുമാരിയിലെ ഒരു ഓട്ടോഡ്രൈവര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.
എന്നാല്‍, ഈ മൊഴി പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ലെന്നാണ് വിവരം.കേരള പോലീസിന് പുറമേ തമിഴ്നാട് പോലീസും റെയില്‍വേ സംരക്ഷണസേന (ആര്.പി.എഫ്)യും റെയില്‍വേ പോലീസും കുട്ടിയെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ്. കന്യാകുമാരിയില്‍നിന്ന് കുട്ടി മറ്റെവിടേക്കെങ്കിലും പോയോ എന്നതും പോലീസ് പരിശോധിച്ചുവരികയാണ്.
കുട്ടിയുടെ മൂത്തസഹോദരന് ചെന്നൈയില്‍ ജോലിചെയ്യുന്നുണ്ട്. കുട്ടി ഇവിടേക്ക് പോയിരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ചെന്നൈയിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. എന്നാല്‍, കുട്ടി ഇവിടേക്ക് വന്നിട്ടില്ലെന്ന് സഹോദരന് സ്ഥിരീകരിച്ചതായും സൂചനകളുണ്ട്.കുട്ടിയുടെ കൈയില്‍ ഒരുബാഗും വസ്ത്രവും 50 രൂപയുമാണ് ഉണ്ടായിരുന്നത്. കന്യാകുമാരിയില്‍നിന്ന് മറ്റേതെങ്കിലും ട്രെയിനില്‍ കയറി കുട്ടി യാത്രചെയ്തിരിക്കാമെന്നും പോലീസിന് സംശയമുണ്ട്. ഇതേത്തുടര്‍ന്ന് വിവിധയിടങ്ങളില്‍ ട്രെയിനുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഒരുപക്ഷേ, കുട്ടി കേരളത്തിലേക്ക് മടങ്ങിയിരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പാറശ്ശാല മുതല്‍ തമ്പാനൂര്‍ വരെയുള്ള വിവിധ റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പരിശോധന തുടരുകയാണ്.