പി. ആര്. സുമേരന്‍
വള്ളംകളി ദിനത്തില്‍ കൃത്യം രണ്ടുമണിക്ക് തന്നെ ചുണ്ടന് വള്ളങ്ങളുടെ മത്സരം ആരംഭിക്കും. വൈകിട്ട് 5.30 ന് പൂര്‍ത്തിയാകും. ട്രാക്കിന്റെയും പവലിയന്റെയും പ്രവര്‍ത്തികളും പൂര്‍ത്തിയായി. വി.വി.ഐ.പി., വി.ഐ.പി. പവലിയന്, പ്ലാറ്റിനം കോര്‍ണര്‍, ടൂറിസ്റ്റ് ഗോള്‍ഡ്, റോസ് പവലിയന് എന്നിങ്ങനെ പവലിയനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
നെഹ്റു ട്രോഫി വള്ളംകളിയുടെ ചരിത്രത്തിലൂടെ ഒരു യാത്ര….
ജലയുദ്ധങ്ങളില്‍ നിന്നും ജലോത്സവങ്ങളിലേക്ക്. ചുണ്ടന്‍വള്ളങ്ങളുടെ നാള്‍വഴികളെ ഇത്തരത്തില്‍ ചരുക്കിപറയാമെന്ന് തോന്നുന്നു. ഓടി. വെപ്പ, ഇരുട്ടുകുത്തി എന്നു തുടങ്ങി വള്ളങ്ങള്‍ പലതരത്തിലുണ്ടെങ്കിലും അവയിലെ കേമന്‍ ചുണ്ടന് വള്ളം തന്നെ.
ചുണ്ടന് വള്ളങ്ങള്‍ രൂപപ്പെടുന്നത് കുട്ടനാട്ടിലെ പ്രാദേശിക രാജാക്കന്മാരുടെ പോരാട്ട ചരിത്രവുമായി ചേര്‍ന്നാണ്. അവയ്ക്കൊപ്പം കാര്‍ഷിക സംസ്കൃതിയുടെ സവിശേഷ ആചാരങ്ങളും വിശ്വാസധാരകളും പാരമ്പര്യങ്ങളും ഒക്കെ ചേര്‍ന്നു നില്ക്കുന്നു.
ആദ്യ കാലത്ത് ക്ഷേത്രങ്ങളോടും മറ്റും ചേര്‍ന്നുള്ള ആചാരങ്ങളുടെ ഭാഗമായ ജലഘോഷയാത്രകളായി നിലവില്‍ വരുകായിരുന്നു ഇത്. ഡബ്ലിയു. ജെ. റിച്ചാഡ്സിനെ പോലുള്ള പാശ്ചാത്യര്‍ ”ആഹ്ലാദ ചിത്തരായ ആളുകളെ കൊണ്ടു നിറഞ്ഞിരുന്ന” ആറന്മുള വള്ളംകളിയെ കുറിച്ച് നൂറുകണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ സവിസ്തരം എഴുതിയിട്ടുണ്ട്. ” അവരില്‍ ചിലര്‍ കത്തിച്ച പന്തങ്ങളെന്തിയിരുന്നു. അത് തിളക്കമുള്ള വെള്ളത്തില്‍ പ്രതിഫലിച്ച് നിന്നു.
ചെറുതും വലുതുമായ വള്ളങ്ങളാല്‍ നദി സജീവമായിരുന്നു. എത്രമാത്രം ആവേശത്തോടെയാണവര്‍ പാട്ടു പാടുന്നത്! എത്ര മനോജ്ഞമായിട്ടാണവര് ഒന്നിച്ച് ശരീരം ചലിപ്പിക്കുന്നത്!” ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ വിവരണം. റവ. സാമൂവേല്‍ മെറ്റീര്‍ എഴുതി 1883ല്‍ ലണ്ടനില്‍ നിന്നും പ്രസിദ്ധീകരിച്ച ‘നേറ്റീവ് ലൈഫ് ഇന്‍ ട്രാവന്‍കൂര്‍’ എന്ന പുസ്തകത്തില്‍ പറയുന്നത് കാണുക: ”തിരുവിതാംകൂറുകാരുടെ ഇഷ്ടവിനോദമാണ് വള്ളംകളി.
നിരവധി നദികളിലും തടാകങ്ങളിലും അതിന് വേണ്ടത്ര സൗകര്യങ്ങളുണ്ട്. വെള്ളത്തില്‍ ആഴ്ന്നുകിടക്കുന്നതും മുകളിലേക്ക് വളഞ്ഞുയര്‍ന്ന അണിയവും അമരവുമുള്ളതുമായ നീണ്ട ചുണ്ടന്‍വള്ളങ്ങളെയാണ് പ്രധാനമായും വള്ളംകളിയ്ക്ക് ഉപയോഗിക്കുന്നത്. ഇവയിലെ തുഴക്കാര്‍ ആഹ്ലാദപൂര്‍വം പാട്ടുപാടുകയും മത്സരം കൊഴുക്കുന്നത് അനുസരിച്ച് ആര്ത്തുവിളിയ്ക്കുകയും ചെയ്യുന്നു. ചില ഇടങ്ങളില്‍ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളില്‍ വള്ളംകളി പ്രധാന ഇനമാണ്. ”
പല തരത്തിലൂള്ള കൂട്ടിച്ചേര്‍ക്കലുകളിലൂടെ പലങ്ങളിലായി രൂപപ്പെട്ടു വന്നതാണ് ഇന്നത്തെ വള്ളംകളി. ചുണ്ടന്, ഓടി, വെപ്പ് വള്ളങ്ങളില്‍ പാട്ടും താളത്തിലുള്ള തുഴച്ചിലുകളുമായിട്ടാണ് ആദ്യ കാലത്ത് ജലഘോഷയാത്രകള്‍ സംഘടിപ്പിച്ചിരുന്നത്. പിന്നീട് വള്ളംകളിയുടെ ജനപങ്കാളിത്തവും മത്സരാര്‍ത്ഥികളുടെ വീര്യവും വര്‍ദ്ധിച്ചതോടെ ഇന്നു കാണുന്ന തരത്തിലെ വലിയ പോരാട്ടമായി മത്സരവള്ളംകളി മാറി.
രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ആലപ്പുഴ സന്ദര്‍ശനത്തിന്റെ സ്മരാണര്‍ത്ഥം ആഘോഷിച്ച് തുടങ്ങിയ നെഹ്റുട്രോഫി വള്ളംകളിയുടെ ചരിത്രത്തെ കുറിച്ചുള്ള പരിശോധനകള്‍ ചുണ്ടന് വള്ളങ്ങള്‍ രൂപപ്പെട്ട ചരിത്രഘട്ടങ്ങളിലേക്ക് നമ്മളെ കൊണ്ടുപോകുന്നു.
ഏതാണ്ട് 400 വര്‍ഷം മുന്‍പ് പഴയ തിരിവിതാംകൂറിലെ പ്രാദേശിക രാജ്യമായിരുന്ന ചെമ്പകശ്ശേരി(അമ്പലപ്പുഴ), കായംകുളം, തെക്കംകൂര്‍(ചങ്ങനാശ്ശേരി), വടക്കംകൂര്‍(കോട്ടയം) വ്യാപിച്ച കിടക്കുന്ന ‘ പ്രാദേശിക രാജാക്കന്മാര് കുട്ടനാട്ടിന്റെ ഓളപ്പരപ്പില്‍ വിവിധ കാലങ്ങളില്‍ കൊമ്പുകോര്‍ത്ത കാലത്തോളം പഴക്കമുണ്ട് ചുണ്ടന് വള്ളങ്ങളുടെ ചരിത്രത്തിന്.
‘ ചെമ്പകശ്ശേരി രാജീവിന് അവരേക്കാള്‍ നാവികബലമുള്ള മറ്റു രാജ്യങ്ങളില്‍ നിന്നും കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. തങ്ങളുടെ പരാജയകാരണം സന്നാഹങ്ങളുടെ പരിമിതിയാണെന്നു തിരിച്ചറിഞ്ഞ രാജാവ് വേഗതയേറിയതും മികച്ചതുമായ പോര്‍വള്ളങ്ങള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചു. നാട്ടിലെ പ്രഗത്ഭരായ തച്ചന്മാരെ വിളിച്ചുവരുത്തി ആലോചന നടത്തി.
മാസങ്ങള്‍ നീണ്ട കഠിനാധ്വാനത്തിലൂടെ അന്ന് വള്ളം നിര്‍മാണത്തില്‍ പ്രസിദ്ധനായിരുന്ന കൊടുപ്പുന്ന വെങ്കിട്ടരാമന് നാരായണന് എന്ന ആശാരി രാജീവിന്റെ ആഗ്രപൂര്ത്തിയ്ക്കൊത്ത് ഒരു വള്ളത്തിന്റെ മാതൃക സൃഷ്ടിച്ചുകൊടുത്തു. വേഗതയും കൈയടക്കവും 100 ഓളം വരുന്ന യോദ്ധാക്കളെ വഹിക്കാന്‍ ശേഷിയും ഉണ്ടായിരുന്നു ആ വള്ളങ്ങള്‍ക്ക്.
ഈല്‍ മത്സ്യസമാനമായ രൂപഘടന കരയിലുള്ള മരങ്ങളുടെ ചില്ലകള്‍ക്കിടയില്‍ ഒളിച്ചിടാനും, ശത്രുസൈന്യങ്ങളുടെ വള്ളങ്ങളെ പതിയിരുന്നാക്രമിക്കാനും പറ്റുന്ന തരത്തിലുള്ളതായിരുന്നു. ഇന്ന് കാണുന്ന ചുണ്ടന് വള്ളങ്ങളുടെ പിറവി അവിടെ നിന്നായിരുന്നു. തുടര്‍ന്നുവന്ന യുദ്ധങ്ങളില്‍ ഈ പോര്വള്ളങ്ങളിലൂടെ ചെമ്പകശ്ശേരി രാജാവ് വിജയം നേടി. ചുണ്ടന്‍വള്ളങ്ങള്‍ ചെമ്പകശ്ശേരിയുടെ നാവികപ്പടയുടെ കരുത്തായി.
ചുണ്ടന് വള്ളങ്ങളുടെ പേരും പെരുമയും പറയുമ്പോള്‍ തന്നെ ഇതിനിടെയില്‍ നടന്നൊരു പ്രണയത്തിന്റെ കഥകൂടി പറയാതെ വയ്യ. ചെമ്പകശ്ശേരി രാജാവിന്റെ പടയില്‍ തോറ്റ കായംകുളം രാജാവ് പുതിയ വള്ളങ്ങളുടെ നിര്‍മാണ തന്ത്രം പഠിയ്ക്കുന്നതിനായി ഒരു ചാരനെ നിയോഗിച്ചു. ഇയാള്‍ ചെമ്പകശ്ശേരി രാജാവിനു വള്ളം പണിതുകൊടുത്ത ആശാരിയുടെ മകളെ പാട്ടിലാക്കി പ്രണയത്തിലാക്കി.
തുടര്‍ന്ന് ആ ആശാരിയുമായുള്ള അടുപ്പത്തിലൂടെ ചുണ്ടന് വള്ളങ്ങളുടെ നിര്‍മാണരീതി ഈ ചാരന് പഠിച്ചെടുത്തു.എന്നാല്‍ വിദ്യ പഠിച്ചശേഷം ചാരന് പ്രണയം ഉപേക്ഷിച്ച് നാടുവിടുകയായിരുന്നു. തുടര്‍ന്ന് ആശാരിയെ രാജ്യദ്രോഹ കുറ്റത്തിന് രാജാവ് ജയിലില്‍ അടച്ചു. ചെമ്പകശ്ശേരി രാജാവിനെ പോലെ തന്നെ വള്ളങ്ങള്‍ നിര്‍മിച്ച കായംകുളം രാജാവ് പില്ക്കാലത്ത് പലയുദ്ധങ്ങളും ജയിച്ചതായും കാണാം.
അങ്ങനെ പകയുടേയും വഞ്ചനയുടേയും ചരിത്രം കൂടി ചൂണ്ടന് വള്ളങ്ങളുടെ നിര്‍മാണ ചരിത്രത്തില്‍ ഒളിഞ്ഞുകിടക്കുന്നുണ്ട്. 100 അടിയ്ക്കു മുകളില്‍ നീളവും 100നു മുകളില്‍ തുഴക്കാരും ഉള്ള വള്ളങ്ങളുടെ രണ്ട് അഗ്രങ്ങളും വെള്ളത്തില്‍ ഉയര്‍ന്ന് നില്ക്കും. 140 അടി നീളമുള്ള വള്ളങ്ങള്‍ വരെയുണ്ട്.
പിന്‍ഭാഗത്തെ അഗ്രം 20 അടിയോളം ഉയരത്തിലായിരിക്കും. സാധാരണ ഒരു വള്ളത്തെ 86 പേരെ തുഴയുന്നതിനും 10-15 വരെ പേര് താളമിടുന്നതിനും നാലു പേര് അമരത്ത് നിന്നും വള്ളത്തെ നിയന്ത്രിക്കുന്നതും ആണ്. വള്ളങ്ങളില്‍ കൈയടക്കം ഏറ്റവും അധികമുള്ളത് ചുണ്ടന് വള്ളത്തിനാണെന്നതും മറ്റൊരു പ്രത്യേകതയാണ്.
മത്സരത്തിനുള്ള ചുണ്ടന് 38.5 മുതല്‍ 48.5 കോല് നീളമുണ്ടാകും. ‘ 100നും 150നും ഇടയ്ക്ക് ആള്‍ക്കാരെ കയറ്റാവുന്ന വിവിധ യാനത്തിലുള്ള വള്ളങ്ങളെല്ലാം തന്നെ കടമ്പ്, അല്ലെങ്കില്‍ ആഞ്ഞിലിമരത്തിന്റെ തടി തുരന്നെടുത്ത് ഉണ്ടാക്കുന്നതാണ്.
കളിവള്ളങ്ങളില്‍ അധികവും കരക്കാരുടെ പൊതു ഉടമസ്ഥതയിലുള്ളതായിരുന്നു. വ്യക്തികളുടെ ഉടമസ്ഥതയില്‍ ഉള്ള വള്ളങ്ങളും കരക്കാര് വാടകയ്ക്കെടുത്ത് മത്സരത്തില്‍ പങ്കെടുക്കുന്ന രീതിയാണ് പൊതുവില്‍ ഉള്ളത്. 2. മത്സര വള്ളംകളിയിലെ പ്രധാന ആകര്‍ഷണം ചുണ്ടന് വള്ളങ്ങള്‍ തന്നെയാണ്.
കേരളത്തിലെ സന്ദര്‍ശന വേളയില്‍ ജവഹര്‍ലാല്‍ നെഹ്റു കോട്ടയം മുതല്‍ ആലപ്പുഴ വരെ ബോട്ടില്‍ കുട്ടനാട്ടിലൂടെ യാത്ര നടത്തി. ഈ യാത്രയില്‍ ചെറു ബോട്ടുകളുടെ വലിയ നിരതന്നെ അദ്ദേഹത്തെ അനുഗമിച്ചു. നെഹ്റുവിനോടുള്ള ആദരസൂചകമായിട്ടാണ് 1952ല്‍ ആദ്യ വള്ളം കളി നടന്നത്. അന്ന് ചുണ്ടന് വള്ളങ്ങളുടെ ആദ്യമത്സരത്തില്‍ നടുംഭാഗം ചുണ്ടന് വള്ളം ഒന്നാം സ്ഥാനത്തെത്തി.
തുഴക്കാരുടെ ആഹ്ലാദ പ്രകടനത്തില്‍ ആവേശഭരിതനായ നെഹ്റു എല്ലാ സുരക്ഷാസംവിധാനങ്ങളും അവഗണിച്ച് നടുഭാഗം ചുണ്ടന് വള്ളത്തില്‍ ചാടിക്കയറിയതും ചരിത്രം. 1952 ഡിസംബറില്‍ ഡല്‍ഹിയില്‍ നിന്നും തിരിച്ചെത്തിയ നെഹ്റു വിജയികള്‍ക്ക് തടിയില്‍ തീര്‍ത്ത പീഠത്തില്‍ ഉറപ്പിച്ച വെള്ളി കൊണ്ടുണ്ടാക്കിയ വള്ളത്തിന്റെ രൂപം സമ്മാനമായി നല്കി. അതാണ് നെഹ്റുട്രോഫിയായി പില്ക്കാലത്ത് മാറിയത്. ”-
തിരുക്കൊച്ചിയിലെ സാമുഹ്യജീവിതത്തിന്റെ അടയാളമായ വള്ളംകളിയിലെ വിജയികള്‍ക്ക്” പ്രധാനമന്ത്രിയുടെ കൈയൊപ്പിനു മുകളിലായി ഈ വാക്കുകള്‍ ആലേഖനം ചെയ്തിട്ടുണ്ട്. ആലപ്പുഴ നഗരത്തിനു വടക്കുമാറിയുള്ള ആര്യാട് ആര്യാട് മണ്ട്രോതുരുത്തിന് താഴെ ഉച്ചകഴിഞ്ഞ് 1.40നായിരുന്നു ആദ്യ വള്ളംകളി.
ആ വേദിയിലേക്ക് നെഹ്റു കൈവീശിയത്തിയപ്പോള് 63 തവണ ആചാരവെടി മുഴങ്ങി. അന്ന് നെഹ്റുവിന് 63 വയസ്സായിരുന്നു. അങ്ങനെ ചരിത്രം കൂടി അവിടെ രചിക്കപ്പെട്ടു. കാഴ്ചകളും ഉത്സവപൂരങ്ങളുമുള്ള ഘോഷയാത്രയോടെയാണ് നെഹ്റുട്രോഫി വള്ളം കളി ആരംഭിക്കുന്നത്. ചുണ്ടന് വള്ളങ്ങളാണ് മുന്നില്‍. തുടര്‍ന്ന് ചെറുവള്ളങ്ങളായ ചുരുളന്‍, വെപ്പ്, ഓടി, എന്നിവയുടേയും മത്സരം നടക്കും.
കുചേല വൃത്തം വഞ്ചിപ്പാട്ടിന്റെ ഈരടികള്‍ ഈണത്തില്‍ ചൊല്ലിയാണ് കുട്ടനാടിന്റെ കരുത്തരായ തുഴക്കാര്‍ വള്ളങ്ങളുമായി ഓളപ്പരപ്പിലൂടെ പായുന്നത്. മുത്തുക്കുടകള്‍ അമരത്തണിഞ്ഞ് പായുന്ന ചുണ്ടന് വള്ളങ്ങള്‍ കായലിലെ മനോഹരമായ കാഴ്ചയാണ്. കഥകളി, തെയ്യം, പഞ്വവാദ്യം, പടയണി തുടങ്ങിയ കലാവിരുന്നുകളും കായല്പരപ്പില് സജ്ജമാക്കാറുണ്ട്.
ഈ കാഴ്ചകളൊക്കെ തന്നെ തീരത്ത് തടിച്ചുകൂടുന്ന ലക്ഷത്തോളം വരുന്ന ജനസാഗരത്തെ ആവേശത്തേരിലാക്കുകയാണ്. വിവിധ ട്രാക്കുകളിലായി 1370 മീറ്റര്‍ ദൂരമാണ് മത്സരത്തിനായി ക്രമീകരിക്കുന്നത്.പത്തുമീറ്റര്‍ വീതിയുള്ള നാലു ട്രാക്കുകളില്‍ ചുണ്ടന് വള്ളങ്ങളുടെ അമരത്ത് അഞ്ചു പേരും നിലത്താറായി അഞ്ചു പേരും ഉള്‍പ്പെടെ 111 പേരാണ് ഉള്ളത്.
പരിശീലന സമയത്ത് തുഴക്കാര്ക്ക് തീണ്ടലും തൊടീലും ഉണ്ടായിരുന്ന നാളുകളില്‍ പോലും കായല്‍ത്തീരത്ത് വള്ള സദ്യ ഒരുക്കിയിരുന്നു. മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പരിശീലന കാലം തുഴക്കാര്ക്ക് വ്രതശുദ്ധിയുടേത് കൂടിയായിരുന്നു. തുഴക്കാരെ സ്വീകരിക്കുന്ന ചടങ്ങുകളിലും വള്ള സദ്യ ഒരുക്കുന്നതിലും നാടിന്റെ മതമൈത്രിയും സാഹോദര്യവും പ്രകടമായിരുന്നു.
ജാതിമത ഭേദ ചിന്തകള്‍ക്കതീതമായ ഏകത എല്ലാക്കാര്യങ്ങളിലും ദൃശ്യം. കൃഷീവല സമൂഹത്തിലെ സഹജീവനം വള്ളംകളിയുടെ ചിട്ടവട്ടങ്ങളേയും ജീവത്താക്കുന്നു. ആദ്യത്തെ വള്ളംകളിയില്‍ എട്ടുവള്ളങ്ങളാണ് പങ്കെടുത്തത്. വള്ളങ്ങളുടെ എണ്ണം പില്ക്കാലത്ത് പല മടങ്ങായി. ഏറ്റവും
അധികം ആളുകള്‍ സംബന്ധിക്കുന്ന വാട്ടര്‍സ്പോട്ട് എന്ന തരത്തില്‍ ചരിത്രപരമായും സാംസ്കാരികമായും വള്ളംകളിക്ക് ഏറെ മാനങ്ങള്‍ കൈവരുന്നു. അതേസമയം വള്ളം കളിയ്ക്കു കൈവന്ന ദേശീയ മാനം അതിന്റെ പ്രാദേശിക സ്വത്വത്തേയും സ്വരൂപത്തേയും വിപരീതമായി ബാധിച്ചതായി ചിന്തിക്കുന്നവരും ഇല്ലാതില്ല.
വള്ളം കളിയുടെ പ്രാദേശിക ചരിത്രവും പ്രാധാന്യവും വിസ്മരിക്കപ്പെടുന്നതായ ആശങ്കയാണ് അവര്‍ പങ്കുവെയ്ക്കുന്നത്. പുതിയ അവതരണ രീതികളും സംഘാടന പ്രവര്‍ത്തനങ്ങളും സമ്മേളിപ്പിച്ചപ്പോള്‍ പ്രാദേശിക പ്രാധാന്യം ഒഴിക്കപ്പെടുന്നതായി പതിറ്റാണ്ടുകളായി വള്ളംകളിയില്‍ പങ്കാളിയായിരുന്ന 80 വയസ്സുകാരനും ചരിത്രാന്വേഷിയുമായ സുബ്രഹ്മണ്യന് അമ്പാടിയെ പോലുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു.
ഇത്തരം ആക്ഷേപങ്ങള്‍ എന്തൊക്കെയായാലും ”തിത്തിത്താര തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം” എന്ന വായ്ത്താരായില് നിത്യവിസ്മയത്തോടെ നില്ക്കുന്ന ഒരു നാടിന്റെ സ്പന്ദങ്ങളും സ്പന്ദനങ്ങളും വേമ്പനാട്ടു കായലിന്റെ പരപ്പില്‍ നിത്യമുദ്രിതമാകുന്നു. കൃഷീവല സമൂഹത്തിന്റെ കുതിപ്പും കിതപ്പും, ദേശ ചരിത്രവും. അതിൽ നിറഞ്ഞ് നില്ക്കുന്നു.