2019 ൽ ആയിരുന്നു ഏറെ വിവാദങ്ങൾക്ക് വഴിവെച്ച മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിങ്ങിന്റെ രാഷ്ട്രീയ ജീവിതത്തെ ആസ്പദമാക്കി ദ് ആക്സിഡൻ്റല്‍ പ്രൈം മിനിസ്റ്റർ’ എന്ന ചിത്രം പുറത്തിറങ്ങിയത്. ഏറെ വിവാദം നിറഞ്ഞ പുസ്തകമായ ദ് ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റർ; ദ് മേക്കിങ് ആൻഡ് അണ്‍മേക്കിങ് ഓഫ് മൻമോഹൻ സിങിനെ മുൻ നിർത്തിയായിരുന്നു സിനിമയെത്തിയത്.2004 മുതല്‍ 2008 വരെ മൻമോഹൻ സിങ്ങിന്റെ മാധ്യമ ഉപദേശകനായിരുന്ന സഞ്ജയ് ബാരു രചിച്ച പുസ്തകമാണ് ദി ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ – ദി മേക്കിംഗ് ആൻഡ് അൺമേക്കിംഗ് ഓഫ് മൻമോഹൻസിംഗ്.
പുസ്തകം പോലെ തന്നെ റിലീസിന് മുൻപ് സിനിമയും ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. സിനിമയില്‍ സിങിനെ തെറ്റായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ അന്ന് രംഗത്തെത്തിയിരുന്നു .2014 ല്‍ പുറത്തിറങ്ങിയ പുസ്തകത്തെ ‘കാലുമാറ്റക്കാരന്റെ കെട്ടുകഥ’ എന്നായിരുന്നു അന്ന് കോണ്‍ഗ്രസ് വിമർശിച്ചത്. നടൻ അനുപം ഖേറായിരുന്നു മൻമോഹൻ സിങ് ആയി സ്ക്രീനിൽ എത്തിയത്. മൻമോഹൻ സിങ്ങിനെ അനുസ്മരണീയമാക്കി മാറ്റിയതിന് അനുപം ഖേറിനെ തേടി നിരവധി പ്രശംസകളുമെത്തി. അത്ര കൃത്യതയോടെയായിരുന്നു സിംഗിന്റെ ഭാവങ്ങളും സംസാരരീതിയുമെല്ലാം അനുപം ഖേർ സ്ക്രീനിലെത്തിച്ചത്.
2 ജി കേസിൽ അഴിമതിക്കാരനാണെന്ന് തെളിഞ്ഞിട്ടും എ. രാജയെ തുടരാൻ അനുവദിച്ചത് സോണിയയായിരുന്നുവെന്ന് പുസ്തകത്തിലുണ്ട്. എ. കെ. ആന്റണി പ്രധാനമന്ത്രിയുടെ കടുത്ത വിമർശകനാണെന്നും ആന്റണിയും വയലാർ രവിയും, അർജുൻ സിങ്ങും മൻമോഹന്റെ പല തീരുമാനങ്ങളെയും കാബിനറ്റ് യോഗങ്ങളിൽ എതിർത്തിരുന്നുവെന്നും പുസ്തകം ആരോപിക്കുന്നുണ്ട്. മാത്രമല്ല 320 പേജ് വരുന്ന പുസ്തകത്തിൽ വേറെയും വിവാദ പരാമർശങ്ങളുണ്ട്. പെൻ ഇന്ത്യ ലിമിറ്റഡിന്റെ ബാനറില്‍ ബൊഹ്റ ബ്രദേഴ്സും രുദ്ര പ്രൊഡക്ഷന്റെ ബാനറില്‍ ജയന്തിലാല്‍ ഗദ്ദയും ചേർന്നാണ് നിർമിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിജയ് രത്നാകർ ഗുട്ടയായിരുന്നു .18 കോടി ബജറ്റിലൊരുക്കിയ ചിത്രം ലോകമെമ്ബാടുമായി 31 കോടി കളക്ഷൻ നേടുകയും ചെയ്തു. റിലീസ് സമയത് സിനിമയിലെ പല ഡയലോഗുകളും ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തു. ‘മഹാഭാരതത്തില്‍ രണ്ട് കുടുംബങ്ങളുണ്ടായിരുന്നു. ഇന്ത്യയില്‍ ഒന്നേയുള്ളൂ’.- എന്നതടക്കമുള്ള ചിത്രത്തിലെ പല ഡയലോഗുകളും കോൺഗ്രസിനെ ചൊടിപ്പിച്ചിരുന്നു.