തൃശൂര്‍ : തൃശ്ശൂരിലെ മൂന്ന് എടിഎമ്മുകള്‍ കൊള്ളയടിച്ച പ്രതികളെ തമിഴ്നാട്ടില്‍ നിന്ന് തൃശ്ശൂരിലെത്തിച്ചു. നാമക്കലില്‍നിന്ന് ഇന്നലെ ഉച്ചക്ക് 2.30ഓടെയാണ് അഞ്ചു പ്രതികളെ കൊണ്ടുവരുന്നത്. ഇവരെ ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനക്കു വിധേയമാക്കിയശേഷം തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പ്രതികളെ അഞ്ചു ദിവസത്തേക്ക് തൃശൂര്‍ ഈസ്റ്റ് പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടു.
ഹരിയാന സ്വദേശികളായ ഇര്ഫാന്, സാബിർഖാൻ, മുഹമ്മദ് ഇക്റാം, ഷൗക്കീൻ, മുബാറക് എന്നിവരാണ് പ്രതികള്‍. ഇന്ന് പ്രതികളുമായി കവര്‍ച്ച നടന്ന എടിഎമ്മുകളിലെത്തി ഈസ്റ്റ് പൊലീസ് തെളിവെടുപ്പ് നടത്തും. തുടര്‍ന്ന് പ്രതികളെ തമിഴ്നാട്ടിലെ ജയിലിലേക്ക് കൊണ്ടുപോകും.
പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ വെടിയേറ്റ് ചികിത്സയില്‍ കഴിയുന്ന ഒരു പ്രതിയെ പിന്നീട് മാത്രമേ തെളിവെടുപ്പിന് എത്തിക്കൂ. തൃശൂര്‍ സിറ്റി പൊലീസ്, റൂറല്‍ പൊലീസ് എന്നിവ സംയുക്തമായാണ് കേസന്വേഷിക്കുന്നത്.
സെപ്റ്റംബര്‍ 27നാണ് ഏഴംഗ സംഘം മൂന്ന് എ.ടി.എമ്മുകളില്‍നിന്ന് 69.41 ലക്ഷം രൂപ കവര്‍ന്ന് കണ്ടെയ്നറില്‍ കയറ്റി തമിഴ്നാട്ടിലേക്കു കടന്നത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്നുതന്നെ നാമക്കലില്‍വെച്ച് തമിഴ്നാട് പൊലീസ് ഏറ്റുമുട്ടലിലൂടെ പ്രതികളെ പിടികൂടുകയായിരുന്നു.