മുംബൈ: ബോളിവുഡ് താരം സല്മാന് ഖാനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ട കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഏപ്രില്‍ 14-ന് നടന്റെ വീടിന് മുന്നില്‍ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട സംഭവത്തിലാണ് അഞ്ച് പ്രതികള്‍ക്കെതിരേ വിവിധ വകുപ്പുകള്‍ ചുമത്തി കുറ്റപത്രം നല്‍കിയത്. കേസില്‍ അറസ്റ്റിലായ പ്രതികളെല്ലാം കുപ്രസിദ്ധ ഗുണ്ടാത്തലവന് ലോറന്‍സ് ബിഷ്ണോയിയുടെ സംഘത്തില്‍പ്പെട്ടവരാണ്.
ഏപ്രില്‍ 14-നാണ് ബൈക്കിലെത്തിയ രണ്ടുപേര്‍ സല്മാന് ഖാന്റെ ബാന്ദ്രയിലെ വീടിന് മുന്നില്‍നിന്ന് വെടിയുതിര്‍ത്തത്. ഇതിനുപിന്നാലെയാണ് ലോറന്‍സ് ബിഷ്ണോയിയാണ് വെടിവെപ്പ് ആസൂത്രണംചെയ്തതെന്നും നടനെ കൊലപ്പെടുത്താനായിരുന്നു പദ്ധതിയെന്നും വ്യക്തമായത്. തുടര്‍ന്ന് കേസിലെ പ്രതികളെ നവിമുംബൈ പോലീസ് പിടികൂടുകയായിരുന്നു
നടനെ കൊലപ്പെടുത്താനായി 25 ലക്ഷം രൂപയ്ക്കാണ് ബിഷ്ണോയി സംഘം പ്രതികളുമായി കരാര്‍ ഉറപ്പിച്ചിരുന്നതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. മാസങ്ങള്‍ക്ക് മുന്‍പേ പ്രതികള്‍ പദ്ധതിയുടെ ആസൂത്രണം ആരംഭിച്ചിരുന്നു. 2023 ഓഗസ്റ്റ് മുതല്‍ വിവിധഘട്ടങ്ങളായി നടത്തിയ ആസൂത്രണമാണ് ഈ വര്‍ഷം ഏപ്രിലില്‍ നടന്ന വെടിവെപ്പില്‍ കലാശിച്ചത്. ആക്രമണത്തിനായി പാകിസ്താനില്നിന്നടക്കം ആയുധങ്ങള്‍ സ്വന്തമാക്കി. എകെ 47 തോക്കുകളും നേരത്തെ പഞ്ചാബി ഗായകന് സിദ്ദു മൂസെവാലയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച തുര്‍ക്കിഷ് നിര്‍മിത സിഗാന തോക്കും ഉള്‍പ്പെടെയുള്ളവ പ്രതികളുടെ കൈവശമുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു.