മലപ്പുറം: എടവണ്ണയില്‍ യുവാവ് വെടിയേറ്റ് മരിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വീട്ടുകാര്‍ രംഗത്തെത്തി. പൊലീസ് അറസ്റ്റ് ചെയ്ത പ്രതി തന്നെയാണ് കൊലപാതകം നടത്തിയതെങ്കിലും പിന്നിലുള്ളവരെ കണ്ടെത്താന്‍ സിബിഐ അന്വേഷണം വേണമെന്നാണ് വീട്ടുകാരുടെ ആവശ്യം. യഥാര്‍ത്ഥ പ്രതിയല്ല പിടിയിലായതെന്ന് പി വി അന്‍വര്‍ എം എല്‍ എ ആരോപിച്ചിരുന്നത്. റിദാന്‍ ബാസിലിന്റെ ഭാര്യയെ ഭീഷണിപെടുത്തിയും സമ്മര്‍ദ്ദത്തിലാക്കിയും കേസ് വഴി തിരിച്ചുവിടാന്‍ പൊലീസ് ശ്രമിച്ചെന്നും വീട്ടുകാര്‍ ആരോപിച്ചു. റിദാന്‍ ബാസില്‍ നേരത്തെ ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസില്‍ പിടിയിലായിരുന്നു.ഇത് കള്ളക്കേസാണെന്നും കേസില്‍ കുടുക്കിയവര്‍തന്നെയായിരിക്കും കൊലപാതകത്തിനു പിന്നിലെന്നും വീട്ടുകാര്‍ ആരോപിച്ചു.
എടവണ്ണ ചെമ്പകുത്ത് സ്വദേശി റിദാന്‍ ബാസിലിനെ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 22നാണ് വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനു സമീപമുള്ള പുലിക്കുന്ന് മലയിലാണ് മുതദേഹം സഹോദരന് കണ്ടത്. രണ്ടു ദിവസത്തിനുശേഷം റിദാന്റെ സുഹൃത്തായ എടവണ്ണ മുണ്ടേങ്ങര സ്വദേശി കൊളപ്പാടന്‍ മുഹമ്മദ് ഷാനെ കേസില്‍ പൊലിസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് ഷാനാണ് തലേദിവസം രാത്രി റിദാന്‍ ബാസിലിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കികൊണ്ടുപോയതെന്നും കൊലപാതകം നടത്തിയത് മുഹമ്മദ് ഷാന്‍ തന്നെയാണെന്നും വീട്ടുകാര്‍ ഉറപ്പിച്ചു പറയുന്നു. കൊലപാതകത്തിന്റെ കാരണം പൊലീസ് കണ്ടെത്തിയില്ല. മുഹമ്മദ് ഷാനെക്കൊണ്ട് കൊലപാതകം ചെയ്യിച്ചവര്‍ രക്ഷപെട്ടെന്നും വീട്ടുകാര്‍ ആരോപിച്ചു.