ഇടുക്കി: ആനയിറങ്കൽ ഡാമിൽ കുളിക്കാനിറങ്ങി കാണാതായ രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തി. രാജകുമാരി പഞ്ചായത്ത് അംഗം ജെയ്സൺ, സുഹൃത്ത് മോളേകുടി സ്വദേശി ബിജു എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരമാണ് ഇരുവരെയും കാണാതായത്. ഇന്ന് രാവിലെ തേയില തോട്ടത്തിൽ എത്തിയ തൊഴിലാളികൾ ഫോൺ ബെല്ലടിക്കുന്നത് കേട്ടു. ജയ്സൻ്റെ ഫോണാണ് ഇതെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഇവർ ഡാമിൽ അപകടത്തിൽപെട്ടെന്ന് സംശയം ഉയർന്നത്. ഡാമിന്റെ പരിസരത്തുനിന്നും ചെരുപ്പുകളും ഫോണും വാഹനവും കണ്ടതോടെ ഡാമിൽ അകപ്പെട്ടു എന്ന് സ്ഥിരീകരിച്ച് തെരച്ചിൽ നടത്തുകയായിരുന്നു. ആനയിറങ്കൽ ഡാമിന്റെ പല ഭാഗങ്ങളും അപകട മേഖലകളാണ് ഇവിടെയാണ് ഇരുവരും കുളിക്കാൻ ഇറങ്ങിയത്. വനം വകുപ്പ്, പൊലീസ്, ഫയർ ഫോഴ്സ് കൂടാതെ നാട്ടുകാരും സംയുക്തമായാണ് തെരച്ചിൽ നടത്തിയത്.