തമിഴ് നടൻ ധനുഷും നടി നയൻതാരയും തമ്മിലുള്ള താരപ്പോരിൽ പുതിയ സംഭവ വികാസങ്ങൾ. കഴിഞ്ഞ ദിവസമാണ് നെറ്റ്ഫ്ളിക്സിലൂടെ ‘നയൻതാര: ബിയോണ്ട് ദ ഫെയറി ടെയ്ൽ’ എന്ന ഡോക്യുമെന്ററി പുറത്തുവന്നത്.
ഇതിന് മുന്നോടിയായി നയൻതാര ധനുഷിനെതിരെ വിമർശനം ഉന്നയിച്ച് കത്ത് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ധനുഷിന്റെ അഭിഭാഷകൻ നയൻതാരയ്ക്കെതിരെ നോട്ടീസയച്ചത്. നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയിൽ ഉപയോഗിച്ച ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലെ മൂന്ന് സെക്കൻഡ് ദൃശ്യം 24 മണിക്കൂറിനകം പിൻവലിക്കണമെന്നാണ് നോട്ടീസിലെ ഉള്ളടക്കം. ഇല്ലെങ്കിൽ പ്രത്യാഘാതം 10 കോടി രൂപയിൽ ഒതുങ്ങില്ലെന്നും ഗുരുതരമായ നിയമനടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്താനായി ധനുഷിനോട് അനുവാദം ചോദിച്ച ദൃശ്യങ്ങൾ ചിത്രീകരിച്ചത് തന്റെ ഫോണിലാണെന്ന നയൻതാരയുടെ വാദത്തിന് ധനുഷിന്റെ അഭിഭാഷകൻ കൊടുക്കുന്ന മറുപടി ഇങ്ങനെയാണ്. “എന്റെ കക്ഷി ഈ സിനിമയുടെ നിര്‍മാതാവാണ്, സിനിമയുടെ നിര്‍മാണത്തിനായി ഓരോ തുകയും എവിടെയാണ് ചെലവഴിച്ചതെന്ന് അദ്ദേഹത്തിനറിയാം. ബിഹൈൻഡ് ദ സീൻ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ എന്റെ കക്ഷി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല.” ഈ നോട്ടീസിന്റെ പേജുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.