ബാന്ദ്ര: മുംബൈയിലെ ബാന്ദ്ര ടെർമിനസിൽ ആളൊഴിഞ്ഞ ട്രെയിനിൽ 55കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ഫെബ്രുവരി 1ന് രാത്രിയിലാണ് റെയിൽവേ ചുമട്ടുതൊഴിലാളി 55 കാരിയെ ബലാത്സംഗം ചെയ്തത്.
സംഭവത്തെ തുടർന്ന് അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്ലാറ്റ്ഫോമിലെ സുരക്ഷാ ചുമതല വഹിച്ചിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥനെതിരെയും നടപടി സ്വീകരിച്ചത്.
പീഡനത്തിനിരയായ 55കാരി കഴിഞ്ഞ ആഴ്ച ബന്ധുവിനൊപ്പം മറ്റൊരു സംസ്ഥാനത്ത് നിന്ന് മഹാരാഷ്ട്രയിലെത്തിയ ആളാണ്. ശനിയാഴ്ച തിരികെ പോകാനൊരുങ്ങി റെയിൽവേ സ്റ്റേഷനിലെത്തിയ ഇവർ താമസസൗകര്യം ഇല്ലാത്തതിനാൽ പ്ലാറ്റ്ഫോമിൽ ഉറങ്ങുകയായിരുന്നു. അതിനിടെ ബന്ധു പ്ലാറ്റ്ഫോമിന് പുറത്ത് പോയപ്പോൾ, 55കാരി ഒഴിഞ്ഞ ട്രെയിനിനുള്ളിൽ കയറുകയായിരുന്നു. ഇവർ തനിച്ചാണെന്ന് ഉറപ്പിച്ച റെയിൽവേ ചുമട്ടുതൊഴിലാളി അവളെ ലക്ഷ്യമാക്കി ആക്രമിക്കുകയായിരുന്നു.
സംഭവം പുറത്തറിഞ്ഞതോടെ ബന്ധു നൽകിയ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്ത് പ്രതിയെ പിടികൂടി. സംഭവം വലിയ വിവാദങ്ങൾക്ക് ഇടയാക്കിയതോടെ ആർപിഎഫ് ഉദ്യോഗസ്ഥനെതിരെയും നടപടി സ്വീകരിക്കുകയായിരുന്നു.