കഴിഞ്ഞ വർഷം തമിഴ് സിനിമാ ലോകത്തെ തന്നെ ഞട്ടിച്ച കേരളത്തിലടക്കം വൻ വിജയം നേടിയ ചിത്രമായിരുന്നു വിജയ് സേതുപതി നായകനായ ‘മഹാരാജ’. വിജയ് സേതുപതിയുടെ അമ്പതാം ചിത്രമെന്ന പ്രത്യേകത കൂടി മഹാരാജയ്ക്കുണ്ട്. ഈയിടെയാണ് ചിത്രം ചൈനയിൽ മൊഴിമാറ്റം ചെയ്ത് പ്രദർശനത്തിനെത്തുന്നത്. നിരവധി പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ചിത്രം ചൈനയിലും മികച്ച പ്രതികരണം തന്നെയാണ് ലഭിച്ചത് എന്നാണ് പുറത്തുവന്നിരിക്കുന്ന ഒരു വീഡിയോ പറയുന്നത്.
മഹാരാജയുടെ ചൈനീസ് മൊഴിമാറ്റ പതിപ്പ് ഇക്കഴിഞ്ഞ നവംബർ 29-നാണ് റിലീസ് ചെയ്തത്. സിനിമയ്ക്ക് എത്രത്തോളം സ്വീകാര്യത ലഭിച്ചു എന്നതിന്റെ തെളിവാണ് അണിയറപ്രവർത്തകർ പുറത്തുവിട്ട വൈറലായി ക്കൊണ്ടിരിക്കുന്ന വീഡിയോ. തിയേറ്ററിൽ സിനിമ കാണുന്ന പ്രേക്ഷകർ പൊട്ടിക്കരയുന്നതാണ് വീഡിയോയിലുള്ളത്. ചിലരംഗങ്ങൾ കണ്ട് പലരും നിയന്ത്രണംവിട്ടാണ് കരയുന്നത്.
എന്തായാലും അച്ഛൻ-മകൾ ബന്ധം പറയുന്ന ഇന്ത്യൻ സിനിമകൾ ചൈനയിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. മഹാരാജയ്ക്കുമുൻപ് ദംഗൽ, സിംഗിംഗ് സൂപ്പർസ്റ്റാർ എന്നീ ചിത്രങ്ങൾ ചൈനയിൽ മികച്ച വിജയം നേടിയതായും അവർ ചൂണ്ടിക്കാട്ടുന്നു.
നിതിലൻ സാമിനാഥനാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തത് ചിത്രത്തിന് 172 കോടിയാണ് ചിത്രം ബോക്സോഫീസിൽനിന്ന് വാരിക്കൂട്ടിയത്. വിജയ് സേതുപതിയുടെ കരിയറിലെ ആദ്യ 100 കോടി കളക്ഷൻ ചിത്രമാണ് ‘മഹാരാജ’. ചൈനയിലെ മാത്രം കളക്ഷന്‍ 25 കോടി ഇതിനോടകം പിന്നിട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ ചൈനയില്‍ നിന്ന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന തമിഴ് ചിത്രമെന്ന നേട്ടവും മഹാരാജക്ക് സ്വന്തം. ജൂണ്‍ 18 ന് നെറ്റ്ഫ്ളിക്സില്‍ എത്തിയ ചിത്രം തായ്വാനില് ടോപ് 10 ഇംഗ്ലീഷ് ഇതര ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടുകയും 6 ആഴ്ച തുടര്‍ച്ചയായി ആ സ്ഥാനം നിലനിര്‍ത്തുകയും ചെയ്തിരുന്നു. ചൈനയിലെയും തായ്വാനിലെയും ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ചിത്രത്തെയും വിജയ് സേതുപതിയെയും അഭിനന്ദിക്കുന്ന പോസ്റ്റുകളും വന്നിരുന്നു.
ചിത്രത്തിലെ അനുരാഗ് കശ്യപിന്റെ വില്ലന്‍ വേഷവും ശ്രദ്ധേയമായിരുന്നു. നട്ടി (നടരാജ്), ഭാരതിരാജ, കല്‍ക്കി, അഭിരാമി, മംമ്ത മോഹന്‍ദാസ്, സിംഗംപുലി എന്നിവരും പ്രധാനവേഷത്തിലെത്തി. പാഷന് സ്റ്റുഡിയോസ്, ദി റൂട്ട് എന്നിവയുടെ ബാനറില്‍ സുധന് സുന്ദരവും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.