ഷിരൂരില്‍ മണ്ണിടിച്ചിലില്‍ ജീവന് പൊലിഞ്ഞ അര്ജുന് വിടചൊല്ലാനൊരുങ്ങി നാട്. ആയിരങ്ങളാണ് അവസാനമായി യാത്ര പറയാന്‍ കണ്ണാടിക്കലിലേക്ക് ഒഴുകിയെത്തുന്നത്. വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം 10 മണിയോടെ സംസ്കാര ചടങ്ങുകള്‍ ആരംഭിക്കും. കുടുംബത്തിന്റെ ആഗ്രഹ പ്രകാരം വീട്ടുവളപ്പില്‍ തന്നെയാണ് മൃതദേഹം സംസ്കരിക്കുക.
കാത്തിരിപ്പുകള്‍ക്കൊടുവില്‍ 75-ാം ദിവസമാണ് അര്‍ജുന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരുന്നത്. ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം ഇന്നലെയാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്. കര്‍ണാടകയില്‍ നിന്നും ഇന്നലെ പുറപ്പെട്ട വിലാപയാത്രയെ കോഴിക്കോട് വരെ കാര്‍വാര്‍ പൊലീസും അനുഗമിച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി എ കെ ശശീന്ദ്രനാണ് മൃതദേഹം ഏറ്റുവാങ്ങിയത്.