എറണാകുളം : മാസപ്പടി കേസിൽ പ്രതിപ്പട്ടികയിൽ മുഖ്യമന്ത്രി പിണറായി വിജയനും വരുന്ന നാളുകൾ വിദൂരമല്ലെന്ന് മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ. വിഷയത്തിൽ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന നിലപാടിൽ സിപിഎം ഉറച്ചു നിൽക്കുന്നുണ്ടോയെന്നും മാത്യു കുഴൽനാടൻ ചോദിച്ചു. .‘ഇന്ന് മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ പ്രതിപ്പട്ടികയിൽ വന്നിരിക്കുകയാണ്. എത്രവേണമെങ്കിലും അത് വൈകിപ്പിക്കാൻ ശ്രമിക്കാം. എത്രവേണമെങ്കിലും പ്രചണ്ഡമായ പ്രചരണങ്ങൾ നടത്താം. കേസുകൾ പരാജയപ്പെട്ടെന്ന് പറയാം. പക്ഷേ, പിണറായി വിജയൻ പ്രതിപ്പട്ടികയിൽ വരുന്ന നാളുകൾ വിദൂരമല്ല. അക്കാര്യത്തിൽ സംശയമില്ല.’- മാത്യു കുഴൽനാടൻ പറഞ്ഞു.
ഇന്നലെയായിരുന്നു മുഖ്യമന്ത്രിയുടെ മകൾ വീണയെ എസ്എഫ്ഐഒ പ്രതിപ്പട്ടികയിൽ ചേർത്തത്. എറണാകുളം ജില്ലാ സെഷൻസ് കോടതിയാകും എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രം ഇനി പരിഗണിക്കുക . കുറ്റം നിലനിൽക്കുന്നതാണെന്ന് കോടതിക്ക് ബോധ്യപ്പെടേണ്ടതുണ്ട്. അതേസമയം മുഖ്യമന്ത്രിയുടെ മകളുടെ പേര് പ്രതിപ്പട്ടികയിൽ ചേർത്തതിന് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരിക്കുകയാണ് പ്രതിപക്ഷം . മുഖ്യമന്ത്രിയുടെ രാജി അനിവാര്യമാണെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത്. ഇതേ ആവശ്യം ഉന്നയിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരനും രംഗത്തെത്തിയിരുന്നു .