ജയം രവിയുടെ വിവാഹമോചന പ്രഖ്യാപനത്തിനെതിരെ ഭാര്യ ആർതി രംഗത്ത്. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് വിവാഹമോചനം എന്നതായിരുന്നു ആർതിയുടെ പ്രതികരണം. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് ആർതി പ്രതികരണം രേഖപ്പെടുത്തിയത്. ജയം രവിയുടെ പെട്ടന്നുള്ള ഈ പ്രഖ്യാപനം തന്നെ ഞെട്ടിച്ചു. 18 വർഷത്തെ വിവാഹജീവിതത്തിൽ ഇത്തരമൊരു സുപ്രധാന തീരുമാനം എടുക്കുമ്പോൾ അത് പരസ്പര ബഹുമാനത്തോടെയും സ്വകാര്യതയോടെയും കൈകാര്യം ചെയ്യേണ്ടതായിരുന്നെനും ആരതി കുറിച്ചു.
തങ്ങളുടെ ബന്ധത്തെക്കുറിച്ച് ജയം രവിയുമായി തുറന്ന സംഭാഷണം നടത്താൻ താൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ ആ ശ്രമങ്ങൾ പാഴായെന്നും ആരതി കുറിച്ചു. വിവാഹ ബന്ധം അവസാനിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം തികച്ചും ഏകപക്ഷീയമാണ്, അത് ഞങ്ങളുടെ കുടുംബത്തിന് ഒട്ടും ഗുണകരമായിരിക്കില്ല. അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്കു ശേഷം സമൂഹം എന്റെ മേൽ അന്യായമായി കുറ്റം ചുമത്തുകയും എന്റെ സ്വഭാവത്തെ കടന്നാക്രമിക്കുകയും ചെയ്യുന്നത് കണ്ടുനിൽക്കാൻ ബുദ്ധിമുട്ടാണ്.
ഒരു അമ്മയെന്ന നിലയിൽ എന്റെ പ്രഥമ പരിഗണന എപ്പോഴും എന്റെ കുട്ടികളുടെ ക്ഷേമത്തിനായിരിക്കും. ഈ സമൂഹ വിചാരണ അവരെ ബാധിക്കുമ്പോൾ എനിക്ക് കണ്ടു നിൽക്കാൻ കഴിയില്ല, കൂടാതെ ഈ അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് മറുപടി പറയാതിരിക്കാനും എനിക്ക് കഴിയില്ല. ഈ ദുഷ്കരമായ സമയത്തെ അതിജീവിക്കാനും ശക്തിയോടും അവരർഹിക്കുന്ന ആത്മാഭിമാനത്തോടും മുന്നോട്ട് പോകാൻ എന്റെ കുട്ടികളെ സഹായിക്കുന്നതിലായിരിക്കും ഇനി എന്റെ ശ്രദ്ധ. ഞങ്ങൾക്കിടയിൽ യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന സത്യം കാലം തെളിയിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു എന്നും ആർതി കുറിച്ചു.