തിരുവനന്തപുരം: ഒരിക്കലും ഗ്രീഷ്മ മനസ്സിൽ പോലും കരുതിയിട്ടുണ്ടാകില്ല തനിക്ക് ലഭിക്കുക വധശിക്ഷയാണെന്നത്. തീർത്തും അപ്രതീക്ഷിതമായാണ് ഗ്രീഷ്മയെ തേടി വധശിക്ഷ എത്തിയിരിക്കുന്നത്. തന്റെ മുപ്പത്തിയെട്ടാം വയസ്സിൽ ജയിലിൽ നിന്നും പുറത്തിറങ്ങാമെന്ന ധാരണക്കാണ് കോടതി തിരിച്ചടി നൽകിയിരിക്കുന്നത്. അന്വേഷണ ഘട്ടത്തിൽ ആയിരുന്നു ഗ്രീഷ്മ ഉദ്യോഗസ്ഥരോട് യാതൊരു കൂസലും ഇല്ലാതെ വിധിയെപ്പറ്റിയുള്ള മുൻധാരണ പറഞ്ഞിരുന്നത്.
‘ഷാരോണിനൊപ്പം ജീവിക്കാൻ ഒരു ആഗ്രഹവുമില്ല. ഒഴിവാകാൻ പറഞ്ഞിട്ട് ഷാരോൺ പോകുന്നുമില്ല. പിന്നെ കൊല്ലുകയല്ലാതെ മാർഗമില്ലായിരുന്നു. ശിക്ഷ കിട്ടുമെന്ന് അറിയാം. കൂടിപ്പോയാൽ ജീവപര്യന്തം. അതായത് 14 വർഷം. അപ്പോൾ 38 വയസൊക്കെയാകുമ്പോൾ ജയിലിൽ നിന്നിറങ്ങും. ഞാൻ അതു കഴിഞ്ഞ് ജീവിച്ചോളാം’ എന്ന മറുപടി അന്വേഷണ ഉദ്യോഗസ്ഥരെ ഞെട്ടിക്കുന്നതായിരുന്നു.
നെയ്യാറ്റിൻകര സെഷൻസ് കോടതി വധശിക്ഷ വിധിച്ചപ്പോൾപ്രതികരണമില്ലാതെ ഗ്രീഷ്മ കോടതി മുറിയിൽ നിന്നു. കുറ്റബോധമോ മരവിപ്പോ എന്തെന്ന് മനസിലാക്കാൻ കഴിയാത്തവിധം തികഞ്ഞ മൗനത്തിലായിരുന്നു ഗ്രീഷ്മ. തുടക്കത്തിൽ ഗ്രീഷ്മയുടെ കണ്ണുകൾ നനഞ്ഞെങ്കിലും പിന്നീട് നിർവികാരയാവുകയായിരുന്നു. ഒടുവിൽ മകന്റെ മരണത്തിൽ നീതി ലഭിച്ചപ്പോൾ ഷാരോണിന്റെ അമ്മയും കുടുംബവും കോടതിയിൽ പൊട്ടികരഞ്ഞു.