തിരുവനന്തപുരം: നിര്‍ദിഷ്ട ശബരിമല വിമാനത്താവള പദ്ധതിയുമായി സംസ്ഥാന സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് വിദഗ്ധ സമിതിയുടെ വിലയിരുത്തൽ. സാമൂഹിക ആഘാത പഠന റിപ്പോര്‍ട്ട് അവലോകനം ചെയ്ത ഒന്‍പതംഗ സമിതിയാണ് സര്‍ക്കാരിന് ശുപാര്‍ശ കൈമാറിയത്. വീടും സ്ഥലവും നഷ്ടപ്പെടുന്നവര്‍ക്കായി പ്രത്യേക പാക്കേജ് നടപ്പിലാക്കണമന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രണ്ടു മാസം കൊണ്ട് നടത്തിയ സാമൂഹ്യ ആഘാത പഠനത്തിന്റെ റിപ്പോര്‍ട്ടാണ് സാമൂഹിക നീതി വകുപ്പിലെ അഡീഷണല്‍ ഡയറക്ടറായിരുന്ന പി. പ്രതാപന് ചെയര്‍മാനായ ഒമ്പതംഗ വിദഗ്ധ സമിതി അവലോകനം ചെയ്തത്. വിമാനത്താവളത്തിലൂടെ സാമ്പത്തിക, സാമൂഹിക ഉന്നമനം സംസ്ഥാനത്തിന് ഉണ്ടാകും. പദ്ധതിയുണ്ടാക്കുന്ന സാമൂഹിക ആഘാതത്തെ ഭാവിയിലെ നേട്ടങ്ങള്‍ മറികടക്കുമെന്നാണ് വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. ഇതിനാല്‍ തന്നെ സംസ്ഥാന സര്‍ക്കാരിന് വിമാനത്താവള പദ്ധതിയുമായി മുന്നോട്ട് പോകാമെന്നാണ് ശുപാര്‍ശ.