ചെന്നൈ: ശിവകാര്ത്തികേയന് നായകനാകുന്ന ചിത്രം അമരന് ബഹിഷ്കരിക്കണമെന്ന് ആഹ്വാനവുമായി സൈബര്‍ ആക്രമണം. ഇന്ത്യന്‍ സൈന്യത്തെ അവഹേളിച്ചെന്ന ആക്ഷേപത്തില്‍ ചിത്രത്തിലെ നായിക സായി പല്ലവിക്കെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്.
2022 ല്‍ പുറത്തിറങ്ങിയ വിരാടപര്‍വ്വം എന്ന സിനിമയുമായി ബന്ധപ്പെട്ട് നല്കിയ അഭിമുഖത്തിലെ പരാമര്‍ശം കുത്തിപ്പൊക്കിയാണ് സൈബര്‍ ആക്രമണം നടത്തുന്നത്. പാകിസ്ഥാനിലുള്ളവര്‍ ഇന്ത്യന്‍ സൈനികരെ തീവ്രവാദികളായി കണ്ടേക്കാം എന്ന പരാമര്‍ശത്തിലാണ് പ്രതിഷേധം ശക്തമാവുന്നത്.
സായ് പല്ലവി ഇന്ത്യന്‍ സൈന്യത്തെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് മറ്റൊരു സൈനിക ചിത്രത്തിന്റെ റിലീസ് സമയത്ത് സൈബര്‍ ആക്രമണത്തില്‍ കലാശിച്ചിരിക്കുന്നത്.
ഇന്ത്യന്‍ സൈന്യം പാകിസ്ഥാനിലെ ജനങ്ങളെ ഭീകരരായാണ് കാണുന്നതെന്നും പാക് ജനത തിരിച്ചും അങ്ങനെയാണ് കാണുന്നതെന്നുമായിരുന്നു അഭിമുഖത്തില്‍ സായ് പല്ലവി പറഞ്ഞിരുന്നത്. തമിഴ്നാട്ടില്‍ നിന്നുള്ള മേജര്‍ മുകുന്ദ് വരദരാജന്റെ ബയോപ്പിക് ആണ് അമരന്. ഒക്ടോബര്‍ 31-നാണ് ചിത്രം റീലിസിനൊരുങ്ങുന്നത്.