നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്രത്തില്‍ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് അപകടമുണ്ടായ സംഭവത്തില്‍ നിയമനടപടി സ്വീകരിക്കാനൊരുങ്ങി കാസര്‍കോട് ജില്ലാ കളക്ടര്‍. വെടിക്കെട്ട് നടത്തുന്നതിനായി അനുമതിയുണ്ടായിരുന്നില്ലെന്നാണ് കളക്ടറുടെ പ്രതികരണം.
വെടിക്കെട്ട് നടത്തുന്നതിനുള്ള അനുമതിക്കായി അപേക്ഷ നല്‍കിയിരുന്നില്ല. നിലവില്‍ സംഘാടകരെ കസ്റ്റഡില്‍ എടുത്തിട്ടുണ്ട്. അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് ക്ഷേത്രത്തില്‍ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് അപകടം ഉണ്ടായത്. പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിലേക്ക് തീപൊരി വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയുമായിരുന്നു. സംഭവത്തില്‍ 97 പേര് വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.
ക്ഷേത്ര പ്രസിഡന്റ്, സെക്രട്ടറി എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുത്തത്. അലക്ഷ്യമായി പടക്കം കൈകാര്യം ചെയ്തതില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ ജില്ലാഭരണകൂടം പ്രാഥമികമായ അന്വേഷണം ആരംഭിച്ചെന്നും കളക്ടര്‍ വ്യക്തമാക്കി.