ജി. സിനുജി
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ തെരഞ്ഞെടുപ്പ് ഒരു അത്ഭുതം തന്നെ ആയിരുന്നു. കാരണം മത ജാതി സാമ്പത്തിക ചിന്തകളൊന്നുമില്ലാതെ എല്ലാവര്ക്കും തുല്യമൂല്യമുള്ള വോട്ട്, അത് പോലെ വോട്ടര്‍ പട്ടിക, എല്ലാം തുടക്കത്തില്‍ നിന്ന്, അതായത് ഒന്നുമുതല്‍ ഉണ്ടാക്കണം. ബംഗാളിന്റെ ചീഫ് സെക്രട്ടറിയും ഐസിഎസ് ഉദ്യോഗസ്ഥനുമായ സുകുമാര്‍ സെന്നായിരുന്നു ആദ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍.
https://youtu.be/ATQQebloGa4?si=c1pWhb3Xs4-UlG9W
പരിഭ്രാന്തിയോടും അതിലേറെ ആശങ്കയോടുമാണ് രാജ്യം ആദ്യ തെരഞ്ഞെടുപ്പിനെ നേരിട്ടത്
ജവഹര്‍ലാല്‍ നെഹ്റു കണ്ടെത്തിയ സുകുമാര്‍ സെന്നിന് മുന്നില്‍ ഉണ്ടായിരുന്ന വെല്ലുവിളികള്‍ ഒട്ടും ചെറുതായിരുന്നില്ല. 36 കോടി ജനങ്ങളായിരുന്നു അന്ന് ഇന്ത്യയിലുണ്ടായിരുന്നത്. പരിഭ്രാന്തിയോടും അതിലേറെ ആശങ്കയോടുമാണ് രാജ്യം ആദ്യ തെരഞ്ഞെടുപ്പിനെ നേരിട്ടത്.
സ്വാതന്ത്ര്യം കിട്ടി നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആദ്യ പരീക്ഷണം നടന്നത്. 85 ശതമാനവും എഴുത്തും വായനയും അറിയാത്തവരായിരുന്നു. 21 വയസ് പൂര്ത്തായവരുടെ പട്ടിക തയാറാക്കുകയായിരുന്നു അടുത്ത കടമ്പ. അതിനായി ഇവരെ വീട് തോറും കയറിയിറങ്ങി കണ്ടുപിടിക്കണം. അതിനായി സിനിമാ തിയേറ്ററുകളിലും ആകാശവാണിയിലും ബോധവല്‍ക്കരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.
രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമെല്ലാം ജനാധിപത്യ പ്രക്രിയക്ക് ഏറെ വെല്ലുവിളിയായി
അങ്ങനെ ഒട്ടനവധി കടമ്പകള്‍ മറികടാണ് ആദ്യ തെരഞ്ഞെടുപ്പ് നടന്നത്. എഴുത്തും വായനയും അറിയാത്തവര്‍ എങ്ങനെ വോട്ട് ചെയ്യും എന്നതും വലിയൊരു കീറാമുട്ടിയായി മാറി. അന്ന് രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമെല്ലാം ജനാധിപത്യ പ്രക്രിയക്ക് ഏറെ വെല്ലുവിളി ആയിരുന്നു. അന്യപുരുഷന്മാരോട് പേര് പറയാന്‍ പോലും തയാറാകാത്തവരായിരുന്നു ഭൂരിഭാഗം സ്ത്രീകളും.
ഭര്‍ത്താവിന്റെ പേരിന് ഒപ്പം ഭാര്യ അല്ലെങ്കില്‍ അച്ഛന്റെ പേരിനൊപ്പം മകള്‍ എന്നൊക്കെ ചേര്‍ത്താല്‍ മതി എന്നായിരുന്നു വാദം. ഈ വാദങ്ങളെ പിന്തുണച്ച് സമുദായ സംഘടനകളും പരസ്യമായ നിലപാടുകള്‍ സ്വീകരിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷണറായ സുകുമാര്‍ സെന്‍ കാര്‍ക്കശ്യം വിട്ടില്ല. പേര് വെളിപ്പെടുത്താത്തവരെയൊക്കെ വോട്ടര്‍ പട്ടികയില്‍ നിന്നൊഴിവാക്കി. അന്തിമ വോട്ടര്‍ പട്ടികയില്‍ 17 കോടി 37 ലക്ഷം വോട്ടര്‍മാര്‍.
ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒന്നിച്ചായിരുന്നു തെരഞ്ഞെടുപ്പ്
വോട്ടര്‍മാരില്‍ നാലില്‍ മൂന്ന് പേര്‍ക്കും എഴുതാനും വായിക്കാനും അറിയില്ലയെന്നത് വലിയ പ്രതിസന്ധി ആകുമെന്ന് തന്നെയാണ് അദ്യം കരുതിയിരുന്നത്. ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒന്നിച്ചായിരുന്നു തെരഞ്ഞെടുപ്പ്. ദ്വയാംഗ മണ്ഡലങ്ങളും ത്രയാംഗ മണ്ഡലങ്ങളും ഉള്‍പ്പെടെ 489 ലോക്സഭാ സീറ്റുകള്‍.
18,000 ത്തോളം സ്ഥാനാര്‍ഥികള്‍. 2,24,000 പോളിംഗ് ബൂത്തുകള്‍. 20 ലക്ഷം ബാലറ്റ് പെട്ടികള്‍. വോട്ടര്‍മാരുടെ വിരലുകളില്‍ മഷി അടയാളം ഇടാന്‍ നാലരലക്ഷത്തോളം കുപ്പികളില്‍ മഷി. 1951 ഒക്ടോബര്‍ 25ന് ഹിമാചല്‍ പ്രദേശിലെ ചീനി മണ്ഡലത്തിലായിരുന്നു ആദ്യ പോളിങ്. പോളിങ് അവസാനിച്ചത് 1952 ഫെബ്രുവരി 21ന്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ ആദ്യവോട്ടെടുപ്പില്‍ പങ്കെടുത്തത് 46.6 ശതമാനം വോട്ടര്‍മാര്‍ മാത്രം.
നെഹ്റുവിന്റെ കോണ്‍ഗ്രസ് ജയം ഉറപ്പിച്ചിറങ്ങിയ അങ്കമെന്ന് വേണമെങ്കില്‍ ആദ്യ തെരഞ്ഞെടുപ്പിനെ വിശേഷിപ്പിക്കാം. മറുവശത്ത് സിപിഐയും മറ്റ് ചെറു പാര്‍ട്ടികളും. താഷ്കെന്റില്‍ നിന്ന് പ്രക്ഷേപണം ചെയ്യു റേഡിയോ മോസ്കോ വഴി കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രചാരണം നടത്തി. ഹിമാചല്‍ പ്രദേശിലെ കിനോര്‍ ജില്ലയില്‍ ശ്യാം സരണ്‍ നേഗി ആദ്യ വോട്ട് രേഖപ്പെടുത്തിയതോടെ ഇന്ത്യയില്‍ പുതുയുഗ പിറവിയായി.
വോട്ടെണ്ണി ഫലം പ്രഖ്യാപിച്ചപ്പോള്‍ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. കോണ്‍ഗ്രസ് അധികാരത്തിലെത്തി. മല്‍സരിച്ച 479 സീറ്റുകളില്‍ 364 ഇടത്തും വിജയിച്ചു കൊണ്ടാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. അങ്ങനെ ജവഹര്‍ലാല്‍ നെഹ്രു ഇന്ത്യയിലെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രധാനമന്ത്രിയായി. 1952 ഏപ്രില്‍ 17ന് ആദ്യ ലോക്സഭാ സമ്മേളനം ചേരുകയുണ്ടായി. ജി.വി. മാവ്ലങ്കാറായിരുന്നു ആദ്യത്തെ നിയമസഭാ സ്പീക്കര്‍. 11957 ഏപ്രില്‍ നാലിനാണ് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ലോക്സഭയുടെ കാലാവധി അവസാനിച്ചത്.