മലയാളികൾക്ക് ഏറ്റവും ഇഷ്ടമുള്ള, മധുരപലഹാരങ്ങളിൽ പ്രഥമ സ്ഥാനമായ പഴംപൊരിക്ക് ഇനി മുതല്‍ 18 ശതമാനം ജിഎസ്ടി. കൂടാതെ ഉണ്ണിയപ്പത്തിന് 5 ശതമാനവും ജിഎസ്ടി നല്‍കണം. മധുരപലഹാരങ്ങൾക്കും ലഘുഭക്ഷണങ്ങൾക്കും കുറഞ്ഞ നികുതി ഇനത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളതെങ്കിലും അവയിലെ ചേരുവകളുടെ അടിസ്ഥാനത്തിലാണ് നികുതിയില്‍ വ്യത്യാസം വരുന്നത്.
പഴംപൊരി, വട, അട, കൊഴുക്കട്ട തുടങ്ങിയ ലഘുഭക്ഷണങ്ങള്‍ക്ക് വ്യത്യസ്ത പരിഗണനയാണ് നൽകുന്നതെന്നാണ് കേരള ബേക്കേഴ്സ് അസോസിയേഷന് പറയുന്നത്. ഹാര്‍മണൈസ്ഡ് സിസ്റ്റം ഒഫ് നോമന്‍ക്ലേച്ചര്‍ (HSN) എന്ന കോഡ് ഉപയോഗിച്ചാണ് നികുതി നിശ്ചയിക്കുന്നത്. ഓരോ ഇനത്തിനും അനുബന്ധമായ ഒരു HSN കോഡ് ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിരക്ക് നിശ്ചയിക്കുന്നത്. ഒഫ് വെജിറ്റബിള്‍സ് ആന്‍ഡ് ഫ്രൂട്സ് എന്നതിനു കീഴിലാണ് പഴംപൊരി എങ്കിലും ഇതിൽ കടലമാവ് ഉപയോഗിക്കുന്നതിനാൽ ഉയര്‍ന്ന നികുതി കാറ്റഗറിയിലാണ് ഉൾപ്പെടുന്നത്.
പഴംപൊരി ഉണ്ടാക്കി വില്‍ക്കുന്ന ചെറുകിട മൈക്രോ യൂണിറ്റുകള്‍ക്ക് ജിഎസ്ടി 18 ശതമാനമായി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഈയിടെ ജിഎസ്ടി വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. ബേക്കറികള്‍ ഉഴുന്നുവട, പരിപ്പുവട, സവാളവട, ബോണ്ട, അട, കൊഴുക്കട്ട, കട്ലറ്റ്, ബര്‍ഗര്‍, പപ്സ് തുടങ്ങിയവയ്ക്ക് 18 ശതമാനമാണ് നികുതി ഈടാക്കുന്നത്. എന്നാൽ ചിപ്സ്, പക്കാവട, അച്ചപ്പം, മിക്സ്ചര്‍, കാരസേവ, ശര്‍ക്കര ഉപ്പേരി, പൊട്ടറ്റോ -കപ്പ ചിപ്സുകള്‍ തുടങ്ങിയവയ്ക്ക് 12 ശതമാനമാണ് ജിഎസ്ടി. ബില്ലടിക്കുമ്പോള്‍ ഇതെല്ലാം പ്രത്യേകമായി ഉപയോക്താക്കളില്‍ നിന്ന് ഈടാക്കുന്നുണ്ട്.