കാൺപുർ: ഇന്ത്യ -ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് നടക്കുന്ന കാൺപുരിലെ ഗ്രീൻപാർക്ക് സ്റ്റേഡിയത്തിലെ ഗാലറി അപകടാവസ്ഥയിൽ. ഉത്തർപ്രദേശ് പി.ഡബ്ല്യു.ഡി ഇക്കാര്യം സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചതോടെ ഗാലറിയുടെ ഒരുഭാഗം അടച്ചിടാൻ അസോസിയേഷൻ നിർദേശിച്ചു.
ഈ ഭാഗത്തേക്കുള്ള ടിക്കറ്റുകൾ വിൽക്കില്ല. 4800 പേർക്ക് ഇരിക്കാവുന്ന ബാൽക്കണി സിയിൽ 1700 ടിക്കറ്റുകൾ മാത്രമേ വിൽക്കുകയുള്ളൂവെന്നും അടുത്ത രണ്ട് ദിവസം കൂടി അറ്റകുറ്റപ്പണി നടക്കുമെന്നും അധികൃതർ അറിയിച്ചു.
ക്രിക്കറ്റ് അസോസിയേഷന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ല സ്റ്റേഡിയമെന്നും മത്സരത്തിന് മുമ്പ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ പരമാവധി ശ്രമിച്ചിരുന്നുവെന്നും സി.ഇ.ഒ അങ്കിത് ചാറ്റർജി വ്യക്തമാക്കി. സ്റ്റാൻഡ്സിനു പുറമെ ഫ്ളഡ് ലൈറ്റുകളും ശരിയായി പ്രവർത്തിക്കുന്നില്ലെന്ന് വാർത്തകൾ വന്നിരുന്നു.
വി.ഐ.പി പവിലയനു സമീപത്തെ ഫ്ളഡ് ലൈറ്റിലെ എട്ട് ബൾബുകളാണ് കത്താത്തത്. അന്തരീക്ഷ മലിനീകരണം കാരണം സ്റ്റേഡിയത്തിൽ പലപ്പോഴും വെളിച്ചക്കുറവ് ഉണ്ടാകാറുണ്ട്. വെളിച്ചക്കുറവ് പ്രശ്നമായതിനെ തുടർന്ന് ന്യൂസിലൻഡിനെതിരെ ഇതേ വേദിയിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു.