‘ഗൾഫ് ഓഫ് മെക്സിക്കോ’യുടെ പേര് ‘ഗൾഫ് ഓഫ് അമേരിക്ക’ എന്നാക്കി മാറ്റാൻ പദ്ധതിയിട്ട് ഡൊണാൾഡ് ട്രംപ്. പത്രസമ്മേളനത്തിലാണ് ട്രംപിന്റെ ഈ അഭിപ്രായ പ്രകടനം. ഗൾഫ് അമേരിക്കയുടേതാണെന്ന് അവകാശപ്പെട്ട ട്രംപ് ഒരു ഔദ്യോഗിക പ്രഖ്യാപനം ഭാവിയിൽ വേഗം തന്നെ ഉണ്ടാകുമെന്ന് കൂട്ടിച്ചേർത്തു. യുഎസിലും മെക്സിക്കോയിലും ക്യൂബയിലുമായി ആയിരക്കണക്കിന് മൈലുകൾ വ്യാപിച്ചുകിടക്കുന്ന അറ്റ്ലാൻ്റിക് സമുദ്രത്തിന്റെ ഭാഗമാണ് ‘ഗൾഫ് ഓഫ് മെക്സിക്കോ’.
‘ഗൾഫ് ഓഫ് മെക്സിക്കോ’ എന്ന പേര് ഞങ്ങൾ ഗൾഫ് ഓഫ് അമേരിക്ക എന്നാക്കി മാറ്റാൻ പോകുന്നു. മെക്സിക്കൻ ഉൾക്കടലിന് ഏറ്റവും ഉചിതമായ പേര് ‘ഗൾഫ് ഓഫ് അമേരിക്ക’ എന്നതാണ്. ദശലക്ഷക്കണക്കിന് ആളുകളെ നമ്മുടെ രാജ്യത്തേക്ക് ഒഴുകാൻ അനുവദിക്കുന്നത് മെക്സിക്കോ നിർത്തണം എന്നും ട്രംപ് വിമർശിച്ചു.
വ്യാഴാഴ്ച രാവിലെ മെക്സിക്കൻ ഉൾക്കടലിന് പുനർനാമകരണം ചെയ്യുന്നതിനുള്ള നിയമനിർമ്മാണം അവതരിപ്പിക്കുമെന്ന് ട്രംപിൻ്റെ സഖ്യകക്ഷിയായ റിപ്പബ്ലിക്കൻ പ്രതിനിധി ജോർജിയയിലെ മാർജറി ടെയ്ലർ ഗ്രീൻ പറഞ്ഞു.