തൃശൂര്‍: തൃശൂര്‍ ജില്ലയിലെ തീരദേശത്തിലുള്ള ഒമ്പത് പഞ്ചായത്തുകളില്‍ അടിയന്തരമായി കുടിവെള്ളമെത്തിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് ഉത്തരവിട്ടത്.
ശ്രീനാരായണപുരം പഞ്ചായത്തില്‍ കുടിവെള്ള വിതരണത്തിന് പുറപ്പെടുവിച്ച ഉത്തരവ് നാട്ടിക ഫര്‍ക്ക പദ്ധതിയ്ക്ക് കീഴില്‍ വരുന്ന മറ്റു പഞ്ചായത്തുകളായ ഏങ്ങണ്ടിയൂര്‍, വാടാപ്പള്ളി, എടത്തിരുത്തി, തളിക്കുളം, നാട്ടിക, വലപ്പാട്, മതിലകം, കയ്പമംഗലം, പെരിഞ്ഞനം തുടങ്ങിയിടങ്ങളിലും നടപ്പാക്കണമെന്ന് ഉത്തരവിട്ടു.
പൈപ്പ് ലൈന്‍ വഴിയോ ടാങ്കര്‍ ലോറിയിലോ കുടിവെള്ള വിതരണം ഉറപ്പ് വരുത്തണമെന്നായിരുന്നു 2023ലെ ഉത്തരവ്. കുടിവെള്ളം ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം വാട്ടര്‍ അതോറിട്ടി ഉദ്യോഗസ്ഥര്‍ക്കും പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കുമാണെന്ന് വ്യക്തമാക്കിയ കോടതി ഇക്കാര്യം ഉറപ്പുവരുത്തണമെന്ന് കലക്ടര്‍ക്കും നിര്‍ദ്ദേശം നല്കി.
ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ചയുണ്ടായാല്‍ സെക്രട്ടറിമാര്‍ ഉത്തരവാദികളായിരിക്കുമെന്നും കോടതി അറിയിച്ചു.