കൊല്ലം: മൈനാഗപ്പള്ളിയില്‍ യുവതിയെ കാര്‍ കയറ്റികൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവത്തിലെ പ്രതിയായ ഡോക്ടര്‍ ശ്രീക്കുട്ടിയാണ് അപകട ശേഷം വാഹനം മുന്നോട്ടെടുക്കാന്‍ നിര്‍ദ്ദേശിച്ചതെന്ന് പൊലീസ് കണ്ടെത്തി. ശ്രീകുട്ടി രണ്ട് മാസം മുമ്പ് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയപ്പോഴാണ് അജ്മിലെന പരിചയപ്പെട്ടത്. ഈ രണ്ടുമാസത്തിനിടെ അജ്മല്‍ ശ്രീക്കുട്ടിയില്‍ നിന്ന് പണവും സ്വര്‍ണവും അടക്കം 8 ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. കൂടുതല്‍ പണമിടപാടുകള്‍ നടന്നിട്ടുണ്ടോ എന്നറിയാന്‍ ശ്രീക്കുട്ടിയുടെയും അജ്മലിന്റെയും ബാങ്ക് ഇടപാടുകള്‍ പൊലീസ് പരിശോധിച്ച് വരികയാണ്.
ഇരുവരും തമ്മിലുളള സൗഹൃദമാണ് കഴിഞ്ഞ ദിവസം ഒരുമിച്ച് മദ്യപിക്കുന്നതില്‍ വരെ എത്തിച്ചത്. അജ്മലിനെതിരെ മനപൂര്‍വ്വമായ നരഹത്യ, അലക്ഷ്യമായി വാഹനം ഓടിക്കല്‍, മോട്ടോര്‍ വെഹിക്കിള്‍ ആക്ട് എന്നിവ പ്രകാരമാണ് ശാസ്താംകോട്ട പൊലീസ് കേസെടുത്തിട്ടുള്ളത്. ശ്രീക്കുട്ടിയെ പ്രതി ചേര്‍ത്ത് പൊലീസ് കേസ് എടുത്തിട്ടുണ്ട്. 14 ദിവസത്തേക്ക് ഇവരെ റിമാന്റ് ചെയ്തിരിക്കുകയുമാണ്. വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.
ശ്രീക്കുട്ടിക്ക് അപകടത്തില്‍ ബന്ധമുണ്ടെന്ന് വ്യക്തമായതോടെ കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയില്‍ ജോലി ചെയ്തുവരികയായിരുന്ന ഇവരെ അധികൃതര്‍ പുറത്താക്കിയിരുന്നു. ആശുപത്രിക്ക് കളങ്കം വരുത്തുന്ന പ്രവര്‍ത്തിയാണ് ഡോക്ടര്‍ ചെയ്തതെന്നും അതിനാലാണ് ആശുപത്രിയില്‍ നിന്ന് പുറത്താക്കുന്നതെന്നും ആശുപത്രി മാനേജ്മെന്റ് അറിയിച്ചു.