ബെംഗളൂരു: അല്ലു അര്ജുന് ചിത്രം പുഷ്പ 2 റിലീസിനിടെ തിയേറ്ററിലെ തിരക്കില്‍പ്പെട്ട് യുവതി മരിച്ച സംഭവത്തില്‍ തിയേറ്റര്‍ ഉടമകള്‍ക്കെതിരെ കേസ്. ഹൈദരാബാദിലെ സന്ധ്യാ തിയേറ്റര്‍ മാനേജ്മെന്റിനെതിരെയാണ് നടപടി. വന്‍തിരക്ക് അനുഭവപ്പെടുമെന്ന് അറിഞ്ഞിട്ടും സാഹചര്യം കണക്കിലെടുത്ത് വേണ്ട സുരക്ഷ നടപടികള്‍ സ്വീകരിച്ചില്ലെന്നും അല്ലു അര്ജുന് വരുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങാതെ പരിപാടി സംഘടിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി.
തിരക്ക് നിയന്ത്രിക്കാന്‍ വേണ്ട പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചില്ലെന്നും ആരോപണമുണ്ട്. സംഭവത്തില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദില്‍സുഖ്നഗര്‍ സ്വദേശിനി രേവതി (39) ആണ് മരിച്ചത്. ഭാര്‍ത്താവും മക്കളുമായി തിയേറ്ററിലെത്തിയ രേവതി തിക്കിലും തിരക്കിലും പെട്ടുകയായിരുന്നു.
സംഭവ സ്ഥലത്തുവെച്ചുതന്നെ സിപിആര്‍ നല്കിയ ശേഷം വിദ്യാനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭര്‍ത്താവ് ഭാസ്കറിനും മക്കളായ ശ്രീതേജ് (9), സാന്‍വിക (7) എന്നിവര്‍ക്കും പരുക്കേറ്റു. മൂവരും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.