കോഴിക്കോട്: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ കുടുംബം. കോഴിക്കോട് ഡിസിസി ഓഫീസ് ഉദ്ഘാടന വേദിയിലാണ് കുടുംബം പരാതിയുമായി എത്തിയത്. നേതാക്കന്മാരെ വിളിച്ചാല്‍ ആരും ഫോണ്‍ എടുക്കുന്നില്ലെന്നും നിവൃത്തിയില്ലാതയപ്പോള്‍ എല്ലാ നേതാക്കാന്മാരെയും ഒരുമിച്ച് കാണാമെന്ന് കരുതിയാണ് ഇവിടെയെത്തിയതെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.
പല തവണ നേതാക്കന്മാരെ ഫോണില്‍ വിളിച്ചു. ആരും ഫോണ്‍ എടുക്കുന്നില്ല. ടി സിദ്ദിഖും ഫോണ്‍ എടുക്കുന്നില്ല. തിരുഞ്ചൂര്‍ മാത്രമാണ് ഫോണ്‍ എടുക്കാനെങ്കിലും തയ്യാറായത്. ഇന്ന് എല്ലാ നേതാക്കളും കോഴിക്കോട് ഉള്ളതുകൊണ്ടാണ് വയനാട്ടില്‍ നിന്ന് ഇവിടെ നേതാക്കന്മാരെ കാണാന്‍ എത്തിയത്. അന്ന് ഉപസമിതി അംഗങ്ങള്‍ വീട്ടിലെത്തിയപ്പോള്‍ ഒരാഴ്ച കൊണ്ട് ബാധ്യത തീര്‍ത്തുതരാമെന്ന് പറഞ്ഞാണ് നേതാക്കന്മാര് പോയത്. അവര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പണം കൊടുക്കാനുള്ളവരുടെ വിവരങ്ങള്‍ ഉപസമിതിക്ക് കൈമാറിയെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല. പരിപാടി കഴിഞ്ഞ് വൈകീട്ട് നേതാക്കളെ കാണാനാകുമെന്ന പ്രതീക്ഷയിലാണ് നില്‍ക്കുന്നതെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.
ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷററര്‍ എന്‍ എം വിജയന്റെ സാമ്പത്തിക ബാധ്യതകള്‍ ഏറ്റെടുക്കുമെന്ന് കെപിസിസി ഉപസമിതി നേരത്തെ അറിയിച്ചിരുന്നു.