ധാക്ക: ബംഗ്ലാദേശിൽ വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് പ്രധാനമന്ത്രി പദം രാജിവെച്ച് നാടുവിട്ട ശൈഖ് ഹസീനക്കും മുൻ മന്ത്രി ഒബൈദുൽ ഖാദറിനുമെതിരെ രണ്ട് കൊലപാതക കേസുകൾകൂടി രജിസ്റ്റർ ചെയ്തു. ഇതോടെ ശൈഖ് ഹസീനക്കെതിരെ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 84 ആയി. ഇതിൽ 70 കൊലപാതക കേസുകളാണ്. വംശഹത്യയുമായി ബന്ധപ്പെട്ട് എട്ടും തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ മൂന്ന് കേസുകളും നിലവിലുണ്ട്.
സഹപ്രവർത്തകരായ സുൽകർ ഹുസൈൻ (38), അഞ്ജന (28) എന്നിവർ കൊല്ലപ്പെട്ട സംഭവത്തിൽ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി പ്രവർത്തകൻ മതിയുർ റഹ്മാൻ ധാക്കയിലെ കിഷോർഗഞ്ച് കോടതിയിൽ നൽകിയ പരാതിയിലാണ് ഒരു കേസ് രജിസ്റ്റർ ചെയ്തത്. ഹസീനയും ഖാദറും ഉൾപ്പെടെ 88 പേരാണ് പ്രതികൾ.
മുൻഷിഗഞ്ചിൽ വെടിയേറ്റ് 22കാരൻ കൊല്ലപ്പെട്ടെന്ന പരാതിയിൽ ഹസീന, ഖാദർ, മറ്റ് അവാമി ലീഗ് നേതാക്കൾ, വിദ്യാർഥി സംഘടനയായ ഛത്ര ലീഗ് പ്രവർത്തകർ എന്നിവരുൾപ്പെടെ 313 പേർ പ്രതികളാണ്. മാത്രമല്ല, ഗാസിപൂരിൽ 18 കാരനായ കോളജ് വിദ്യാർഥിയുടെ കാഴ്ച നഷ്ടപ്പെട്ട കേസിൽ ഹസീന ഉൾപ്പെടെ 57 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.