കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽപ്പെട്ട് മരിച്ച അർജുന്റെ കുടുംബം ലോറി ഉടമ മനാഫിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയതിനു പിന്നാലെ മനാഫിന്റെ യൂട്യൂബ് ചാനലിൽ സബ്സ്ക്രൈബർമാരുടെ എണ്ണത്തിൽ വൻകുതിപ്പ്.
ഒറ്റദിവസം കൊണ്ട് പതിനായിരത്തിൽനിന്ന് 1.86 ലക്ഷമായാണ് സബ്സ്ക്രൈബർമാരുടെ എണ്ണം വർധിച്ചത്. അർജുനു വേണ്ടി നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ വിവരങ്ങൾ മനാഫ് പങ്കുവെച്ചിരുന്നത് ലോറി ഉടമ മനാഫ് എന്ന യൂട്യൂബ് ചാനലിലൂടെയാണ്.
അർജുൻ എന്ന വൈകാരികതയെ മുതലെടുത്താണ് മനാഫ് യൂട്യൂബ് ചാനൽ തുടങ്ങിയെന്നും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് തങ്ങളെ അപമാനിക്കുകയാണെന്നും അർജുന്റെ സഹോദരീ ഭർത്താവ് ജിതിൻ കുറ്റപ്പെടുത്തിയിരുന്നു. അർജുന്റെ കുടുംബം വാർത്താസമ്മേളനം നടത്തുമ്പോൾ മനാഫിന്റെ യൂട്യൂബ് ചാനലിനുണ്ടായിരുന്നത് 11,000 സബ്സ്ക്രൈബർമാരാണ്.
ഒറ്റ ദിവസം കൊണ്ടാണ് സബ്സ്ക്രൈബർമാരുടെ എണ്ണം 1.86 ലക്ഷത്തിലെത്തിയത്. കർണാടകയിലെ ഷിരൂരിലെ ഗംഗാവലി പുഴയിൽ ലോറിയോടൊപ്പം അർജുനെ കാണാതായി 32ാം ദിനത്തിലാണ് മനാഫ് ചാനലിൽ ആദ്യത്തെ വിഡിയോ പോസ്റ്റ് ചെയ്തത്.
മനാഫിന്റെ പ്രസ്താവനകളും പ്രവൃത്തികളും വൈകാരികതയെ ചൂഷണം ചെയ്യുന്നതാണെന്നാണ് അർജുന്റെ കുടുംബം വീട്ടിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ആരോപിച്ചത്. അർജുന്റെ മകനെ തന്റെ നാലാമത്തെ മകനായി വളർത്തും എന്ന മനാഫിന്റെ പ്രസ്താവന ഏറെ വിഷമമുണ്ടാക്കിയതായും കുടുംബം പറഞ്ഞു.
അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങള്‍ തള്ളുകയാണ് മനാഫ് ചെയ്തത്. കുടുംബം ആരോപിക്കുന്നതുപോലെ അർജുന്റെ പേരിൽ ഒരു പൈസയും പിരിച്ചിട്ടില്ലെന്നും തെളിവുകൾ ഉണ്ടെങ്കിൽ കല്ലെറിഞ്ഞുകൊല്ലാൻ മാനാഞ്ചിറയിൽ വന്നുനിൽക്കാമെന്നും മനാഫ് മാധ്യമങ്ങളോട് പറഞ്ഞു.