പത്തനംതിട്ട: വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഓർത്തഡോക്സ് സഭ. വന്യമൃഗ ശല്യം കൊണ്ട് മലയോര ജനത പൊരുതി മുട്ടിയെന്നും ജനങ്ങളെ സംരക്ഷിയ്ക്കാൻ സർക്കാരിന് കഴിയുന്നില്ലെന്നും ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു.
വന്യമൃഗ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ നഷ്ടപരിഹാരമല്ല, പ്രശ്ന പരിഹാരമാണ് വേണ്ടതെന്നും കാട്ടുമൃഗങ്ങൾ എന്ന പ്രയോഗം ഇന്ന് അപ്രസക്തമായിക്കഴിഞ്ഞു. കാട്ടിലെ മൃഗങ്ങൾ മുഴുവൻ നാട്ടിലാണെന്നും മനുഷ്യൻ്റെ അധ്വാനം മുഴുവൻ മൃഗങ്ങൾ ഇല്ലാതാക്കുകയാണെന്നും കാതോലിക്ക ബാവ വിമർശിച്ചു. 108 മത് മാക്കാംകുന്ന് കൺവൻഷനിൽ സംസാരിക്കവെയാണ് ആശങ്ക പരസ്യമാക്കി ഓർത്തഡോക്സ് സഭ അധ്യക്ഷൻ രംഗത്തെത്തിയത്.