രാജേഷ് തില്ലങ്കേരി
കേരളത്തിലെ എന്‍ സി പി പിളര്‍പ്പിലേക്കോ? പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാവുമെന്നാണ് വരുന്ന വാര്‍ത്തകള്‍. മന്ത്രി എ കെ ശശീന്ദ്രനെ മാറ്റി കുട്ടനാട് എം എല്‍ എ തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന ആവശ്യം മന്ത്രി തര്‍ക്കം ഏറ്റവും രൂക്ഷമായതോടെ മറുവഴി തേടുകയാണ് ദേശീയ നേതൃത്വം.
മന്ത്രിമാറ്റം സംബന്ധിച്ച് ദേശീയ നേതൃത്വം എടുത്ത തീരുമാനം അട്ടിമറിച്ച് മന്ത്രി സ്ഥാനത്ത് തുടരുന്ന എ കെ ശശീന്ദ്രനെതിരെ കര്‍ശന നിലപാട് സ്വീകരിക്കാനുള്ള നീക്കമാണ് പവാര്‍ കൈക്കൊണ്ടിരിക്കുന്നത്.
നാളെ നാഗ്പൂരില്‍ നടക്കുന്ന പാര്‍ട്ടി ദേശീയ സമിതി യോഗത്തില്‍ പാര്‍ട്ടി പ്രതിനിധിയായ എ കെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്തുനിന്നും മാറ്റുന്നതായി പ്രഖ്യാപിക്കാനും, വിവരം കേരള മുഖ്യമന്ത്രി പിണറായി വിജയനെ രേഖാമൂലം അറിയിക്കാനുമാണ് നീക്കം.
തോമസ് കെ തോമസിനെ മന്ത്രിയാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി തീരുമാനം വൈകിപ്പിക്കുന്നതിനു പിന്നില്‍ മറ്റു ചില സമ്മര്‍ദ്ദങ്ങള്‍ കാരണമാണെന്ന ചര്‍ച്ചകള്‍ സജീവമായിരിക്കെയാണ് ശരത് പവാര്‍ മന്ത്രിയെ പിന്‍വലിക്കാനൊരുങ്ങുന്നത്. എ കെ ശശീന്ദ്രന് മന്ത്രി സ്ഥാനത്ത് തുടരാനായി നടത്തിയ നീക്കങ്ങളാണ് പവാറിനെ ചൊടിപ്പിച്ചതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
മന്ത്രി സ്ഥാനം വച്ചുമാറുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന എന്‍ സി പി യില്‍ കഴിഞ്ഞ കുറച്ചുകാലമായി നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കാന്‍ പറ്റാതായതോടെ ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ ഇരുവിഭാഗം നേതാക്കളേയും ഡല്‍ഹിക്കു വിളിപ്പിക്കുകയും ചര്‍ച്ച ചെയ്ത് തീരുമാനം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
മന്ത്രി സ്ഥാനം തോമസ് കെ തോമസിന് കൈമാറാന്‍ ദേശീയ അധ്യക്ഷന്‍ നിര്ദ്ദേശച്ചുവെന്ന് പി സി ചാക്കോ മാധ്യമങ്ങളെ അറിയിച്ചെങ്കിലും മന്ത്രി സ്ഥാനത്തുനിന്നും മാറില്ലെന്ന നിലപാടില്‍ എ കെ ശശീന്ദ്രന് ഉറച്ചു നില്‍ക്കുകയായിരുന്നു. ഒടുവില്‍ മന്ത്രി സ്ഥാനത്തുനിന്നും മാറുന്നതില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ മന്ത്രി സ്ഥാനത്തുനിന്നും മാറി നില്ക്കാമെന്നുമുള്ള നിലപാടിലേക്ക് എ കെ ശശീന്ദ്രന് മാറുകയായിരുന്നു.
ഒന്നാം പിണറായി മന്ത്രി സഭയില്‍ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു എ കെ ശശീന്ദ്രന്. രണ്ടാം പിണറായി മന്ത്രി സഭയില്‍ വനം വകുപ്പു മന്ത്രിയായ എ കെ ശശീന്ദ്രന് ദീര്‍ഘകാലം മന്ത്രി സ്ഥാനം വഹിക്കുന്നുവെന്ന ബഹമതിക്കും അര്‍ഹനായിരുന്നു. മാന്യമായൊരു റിട്ടയര്‍മെന്റാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നുള്ള എ കെ ശശീന്ദ്രന്റെ പ്രസ്ഥാവന മന്ത്രി സഭയുടെ കാലാവധി പൂര്‍ത്തിയാവുന്നതുവരെ തന്നെ തുടരാന്‍ അനുവദിക്കണമെന്ന അഭ്യര്തത്ഥനയായിരുന്നു.
തോമസ് കെ തോമസിനെ രണ്ടര വര്‍ഷം കഴിഞ്ഞാല്‍ മന്ത്രിയാക്കാമെന്ന് മുന്‍ ധാരണയില്ലെന്നുള്ള ന്യായമായിരുന്നു എ കെ ശശീന്ദ്രന് ഉന്നയിച്ചിരുന്നത്. ഇത് ആദ്യ ഘട്ടത്തില്‍ സംസ്ഥാന അധ്യക്ഷനായ പി സി ചാക്കോയും ശരിവച്ചിരുന്നു. എന്നാല്‍ ശശീന്ദ്രനുമായി പി സി ചാക്കോ അകന്നതോടെയാണ് മന്ത്രി സ്ഥാനം മാറണമെന്ന ആവശ്യത്തിന് വീണ്ടും ശക്തി പ്രാപിച്ചത്.
ഏതുവിധേനയും മന്ത്രിയാവുകയെന്ന ഒറ്റ ലക്ഷ്യവുമായി നിലകൊണ്ട തോമസ് കെ തോമസ് പി സി ചാക്കോയുടെ സഹായത്തോടെ മന്ത്രിയാവാനായി നടത്തിയ അവസാന ശ്രമവും പാളിയതോടെ എന്‍ സി പി യില്‍ ഗ്രൂപ്പിസം പാരമ്യത്തിലെത്തിയിരിക്കയാണ്. തോമസ് കെ തോമസിനെതിരെ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയും എ കെ ശശീന്ദ്രന് തല്കാലം ഗുണകരമായി തീരുകയാണുണ്ടായത്.
മന്ത്രി മാറ്റം സംബന്ധിച്ച് തല്ക്കാലം തീരുമാനം കൈക്കൊള്ളാനാവില്ലെന്നാണ് കഴിഞ്ഞ ദിവസം പി സി ചാക്കോയേയും മറ്റു നേതാക്കളെയും മുഖ്യമന്ത്രി അറിയിച്ചിരുന്നത്. പാര്‍ട്ടിയില്‍ തീരുമാനം ഉണ്ടാക്കിയില്‍ തോമസ് കെ തോമസിനെ മന്ത്രിയാക്കുന്നതില്‍ തടസ്സമില്ലെന്ന നിലപാട് സ്വീകരിച്ചിരുന്ന മുഖ്യമന്ത്രി എന്തുകൊണ്ടാണ് തീരുമാനം വൈകിപ്പിക്കുന്നതെന്ന ആശങ്ക എന്‍ സി പിയില്‍ പടരുന്നതിനിടെയാണ് പവാര്‍ കുറച്ചുകൂടി മുന്നിലേക്ക് നീക്കം നടത്തുന്നത്.
പാര്‍ട്ടിയുടെ മന്ത്രിയെ ക്യാബിനറ്റില്‍ നിന്നും പിന്‍വലിക്കുന്നതായി മുഖ്യമന്ത്രിയെ അറിയിക്കുന്നതോടെ ഫലത്തില്‍ എന്‍ സി പിക്ക് മന്ത്രിയില്ലാത്ത അവസ്ഥയാണ് വന്നു ചേരുക. മന്ത്രി മാറ്റം സംബന്ധിച്ച് ദേശീയ നേതൃത്വം ഇടപെട്ട് ഉണ്ടാക്കിയ തീരുമാനത്തിന് വിരുദ്ധമായി എ കെ ശശീന്ദ്രന് പ്രവര്‍ത്തിച്ചതായാണ് സംസ്ഥാന അധ്യക്ഷന്‍ ദേശീയ നേതൃത്വത്തിന് നല്കിയ പരാതി. ഈ പരാതിയുടെ വെളിച്ചത്തിലാണ് കടുത്ത തീരുമാനം കൈക്കൊള്ളാന്‍ ശരത് പവാറിനെ പ്രേരിപ്പിച്ചത്.
ദേശീയ വര്‍ക്കിംഗ് പ്രസിഡന്റും സംസ്ഥാന അധ്യക്ഷനുമായ പി സി ചാക്കോയെ സംസ്ഥാന അധ്യക്ഷപദവിയില്‍ നിന്നും മാറ്റാനുള്ള തീരുമാനവുമായി ശശീന്ദ്രന് പക്ഷവും എത്തുന്നതോടെ പാര്‍ട്ടിയില്‍ പിളര്‍പ്പ് അനിവാര്യമാവും. പാര്‍ട്ടിയുടെ രണ്ടാമത്തെ എം എല്‍ എയായ തോമസ് കെ തോമസിനെ മന്ത്രിയാക്കാനും പാര്‍ട്ടിയെടുത്ത തീരുമാനം നടപ്പാക്കാന്‍ കഴിയാതെ വന്നതോടെ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാവുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കയാണ്.
മന്ത്രി സ്ഥാനത്തുനിന്നും എ കെ ശശീന്ദ്രനെ പിന്‍വലിക്കാന്‍ സാങ്കേതികമായി ശരത് പവാറിന് കഴിയില്ല. കാരണം പാര്‍ട്ടി ചിഹ്നവും പേരും എന്‍ സി പിയില്‍ അജിത് പവാറിനാണ് ലഭിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരമുള്ള പാര്‍ട്ടി എന്‍ സി പി അജിത് പവാറിന്റേതായതിനാല്‍ ശരത് പവാറിന്റെ കത്തിന് വില കല്‍പ്പിക്കേണ്ടതില്ലെന്ന നിലപാട് എ കെ ശശീന്ദ്രന് സ്വീകരിച്ചാല്‍ മന്ത്രിയായി തുടരാന്‍ സാങ്കേതികമായി തടസമുണ്ടാവില്ല.നിരവധി രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയില്‍ എന്‍ സി പി യിലെ അഭ്യന്തര പ്രശ്നം മുഖ്യമന്ത്രിയേയും എല്‍ ഡി എഫിനേയും അസ്വസ്ഥരാക്കിയിരിക്കയാണ്.