കൊച്ചി:പൃഥ്വിരാജ് സുകുമാരനെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന നോബഡിയുടെ പൂജ ചടങ്ങ് എറണാകുളത്ത് വെല്ലിംഗ്ടണ്‍ ഐലന്‍ഡില്‍ വെച്ച് നടന്നു. എന്ന് നിന്റെ മൊയ്ദീന്, കൂടെ തുടങ്ങിയ പ്രേക്ഷക പ്രീതി നേടിയ ചിത്രങ്ങള്‍ക്ക് ശേഷം പാര്‍വതി തിരുവോത്ത് വീണ്ടും പൃഥ്വിരാജിന്റെ നായികയാകുന്ന ചിത്രമാണ് നോബഡി.മമ്മൂട്ടിയുടെ റോഷാക്ക് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീര്‍ ഒരുക്കുന്ന ചിത്രമാണിത്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ഇ-ഫോര്‍ എക്സ്പീരിമെന്റ്സിന്റെ ബാനറില്‍ മുകേഷ് മെഹ്ത്തയും, സി വി സാരഥിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിനും പാര്‍വതിക്കുമൊപ്പം ഹക്കീം ഷാ, അശോകന്, മധുപാല്‍, ലുക്ക്മാന്‍ അവറാന്, ഗണപതി, വിനയ് ഫോര്‍ട്ട് തുടങ്ങിയവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
നോബഡി ഉറപ്പായും ഒരു സിനിമാറ്റിക്ക് എക്സ്പീരിയന്‍സ് തന്നെയാവുമെന്നും ആഴമേറിയ വികാരനിര്‍ഭര നിമിഷങ്ങളും മികച്ച അഭിനയ മുഹൂര്‍ത്തങ്ങളും നിറഞ്ഞൊരു ചിത്രമാകും എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.