ഓസ്ലോ :കുതിരയോട്ടത്തിലെന്ന പോലെ പ്രണയവിപ്ലവത്തിലും നോർവേ രാജകുമാരിക്ക് വിജയകിരീടം. നോർവേയിലെ ഹാരൾഡ് അഞ്ചാമൻ രാജാവിന്റെ മൂത്തമകളായ മാർത്തയും ഹോളിവുഡിന്റെ ആത്മീയ ഗുരുവായി പേരെടുത്ത യുഎസ് വിവാദപുരുഷൻ ഡ്യുറക് വെറെറ്റും തമ്മിലുള്ള വിവാഹത്തിന്റെ ആഘോഷമാണിപ്പോൾ. പ്രണയക്കൊടുങ്കാറ്റും വിവാദങ്ങളും നിറഞ്ഞ സുദീർഘവർഷങ്ങൾക്കൊടുവിലാണ് 3 ദിവസം നീളുന്ന ആഘോഷപരിപാടികളോടെ രാജകീയമായ വിവാഹം.
മരണത്തിൽനിന്ന് ഉയിർത്തെണീറ്റവൻ എന്നു സ്വയം വിളിക്കുന്ന വെറെറ്റ് (49) തട്ടിപ്പുകാരനായ മുറിവൈദ്യനാണെന്നാണ് വിമർശകർ പറയുന്നത്. ഇദ്ദേഹം പിന്തുടരുന്ന ആഭിചാരക്രിയകളും അർബുദം സംബന്ധിച്ച വിവാദവിശ്വാസങ്ങളുമെല്ലാം നോർവേയിലെ രാജകുടുംബത്തിലും പൊതുസമൂഹത്തിലും അസ്വസ്ഥത സൃഷ്ടിച്ചു.
എന്തുവന്നാലും പിന്തിരിയില്ലെന്നു പറഞ്ഞ് അനുരാഗത്തിന്റെ മാന്ത്രികവിസ്മയം കൈവിടാതെ വാശിയോടെ നിലകൊണ്ട മാർത്ത രാജകുമാരി (52) അങ്ങനെ വാർത്തകളിലും നിറഞ്ഞു.മാർത്ത കുതിരയോട്ടത്തിലും രാജകുമാരിയാണ്. കുതിരയോട്ട മത്സരങ്ങളിൽ കിരീടം ചൂടി മികച്ചൊരു കരിയർ കെട്ടിപ്പടുത്തിരുന്നു. പിന്നീട് ആത്മീയവഴിയായി അശ്വമേധം. 2022 ൽ ആയിരുന്നു വിവാഹനിശ്ചയം.