സംസ്ഥാനത്ത് സ്വകാര്യ സർവകലാശാല ബിൽ ആണ് ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം. ശരിക്കും പറഞ്ഞാൽ കൊണ്ടുവന്നു എന്നതിന് അപ്പുറത്തേക്ക് ആരു കൊണ്ട് വന്നു എന്നതിലാണ് ചർച്ച. ഒരുകാലത്ത് സ്വകാര്യ സർവകലാശാലകളുടെ കടന്നുവരവിനെ നഖശി ഖാന്തം എതിർത്തവരാണ് ഇന്ന് അതിനുവേണ്ടി മുന്നോട്ടുവരുന്നത്.
വിദ്യാഭ്യാസ രംഗത്തെ സ്വകാര്യവത്കരണത്തിനെതിരേ മുൻപ് സിപിഎമ്മും അവരുടെ വിദ്യാർഥി-യുവജന സംഘടനകളുമെല്ലാം അതിശക്തമായ എതിർപ്പു പ്രകടിപ്പിച്ചിട്ടുണ്ട്. പല സമരങ്ങളും ഇതുമായി ബന്ധപ്പെട്ട് നടന്നിട്ടുമുണ്ട്. പരിയാരം മെഡിക്കൽ കോളേജിനെതിരായ സമരത്തിൽ പുഷ്പൻ സഖാവ് അടക്കം അഞ്ചു പേരാണ് രക്തസാക്ഷിത്വം വരിച്ചത്. അത്രമേൽ ഉറച്ച നിലപാട് വിദ്യാഭ്യാസ രംഗത്തെ സ്വകാര്യവൽക്കരണത്തിനെതിരെ സിപിഎമ്മിന് ഉണ്ടായിരുന്നു.
എന്നാൽ, ഇപ്പോൾ സ്വകാര്യ സർവകലാശാലകൾ അനിവാര്യമാണെന്ന് സിപിഎമ്മിനു ബോധ്യപ്പെട്ടിരിക്കുന്നു. വൈകി ഉദിച്ച വിവേകമെന്ന് പ്രതിപക്ഷ പാർട്ടികളും സിപിഎമ്മിന്റെ വിമർശകരും ആക്ഷേപിക്കുന്നുണ്ട്. പ്ലസ് ടു, സ്വാശ്രയ കോളെജുകൾ തുടങ്ങിയ കാര്യങ്ങളിൽ കണ്ടതുപോലെ ആദ്യം എതിർക്കുകയും പിന്നീട് അനുകൂലിക്കുകയും ചെയ്യുന്ന നയംമാറ്റത്തിന്റെ പാർട്ടിയാണ് സിപിഎം.
ഉന്നത വിദ്യാഭ്യാസ മേഖലയുടെ കുതിപ്പിനു സ്വകാര്യ സർവകലാശാലകൾ ആവശ്യമാണ് എന്നതാണ് ഇപ്പോഴത്തെ സിപിഎമ്മിന്റെ നിലപാട്. നല്ല വിദ്യാഭ്യാസവും ഒപ്പം തൊഴിലും ഉറപ്പിക്കാനാണ് ഇവിടെ നിന്നുള്ള വിദ്യാർഥികൾ കൂട്ടത്തോടെ നാടു വിടുന്നത്. വിദേശ സർവകലാശാലകളിൽ അവർക്കു കിട്ടുന്ന വിദ്യാഭ്യാസം അവരെ അവിടെ തന്നെ പിടിച്ചുനിർത്താനും കാരണമാവുന്നുണ്ട്.
സംസ്ഥാനത്തെ കുത്തഴിഞ്ഞ വിദ്യാഭ്യാസ സമ്പ്രദായത്തിന് മേൽ സ്വകാര്യ സർവകലാശാലകളുടെ കടന്നുവരവ് പ്രതീക്ഷ പകരുന്നത് തന്നെയാണ്. മികച്ച നിലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സർവകലാശാലകൾ കേരളത്തിലെത്തുന്നതു പഠന നിലവാരം ഉയർത്താൻ സഹായിക്കുമെന്നു പ്രതീക്ഷിക്കാം. ശക്തമായ മത്സരമുണ്ടാവുന്നത് സംസ്ഥാനത്ത് ഇപ്പോഴുള്ള സർവകലാശാലകളെയും മെച്ചപ്പെടുത്തുന്നതിനു കാരണമാവുകയും ചെയ്യാം.
ഏറ്റവും നല്ല പ്രവർത്തനം കാഴ്ചവയ്ക്കുന്ന സർവകലാശാലകളെ തന്നെ ഇവിടെയെത്തിക്കാൻ സർക്കാരിന് കൂടി കഴിയേണ്ടതുണ്ട്. സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച സ്വകാര്യ സർവകലാശാലാ ബിൽ മാർച്ച് മൂന്നിനാണു നിയമസഭയിൽ അവതരിപ്പിക്കുന്നത്. എല്ലാവരുടെയും അഭിപ്രായങ്ങൾ പരിഗണിച്ചും പ്രതിപക്ഷത്തിന്റെ കൂടി സഹകരണത്തോടെയും ബിൽ പാസാക്കാൻ കഴിയേണ്ടതാണ്.
നടത്തിപ്പിൽ യുജിസി, സംസ്ഥാന സർക്കാർ അടക്കം നിയന്ത്രണ ഏജൻസികളുടെ നിർദേശങ്ങൾ പാലിക്കണമെന്ന വ്യവസ്ഥയോടെയാണ് സർവകലാശാലകൾക്ക് അനുമതി നൽകുക. അധ്യാപക നിയമനം, വൈസ് ചാൻസലർ അടക്കം ഭരണതലത്തിലെ നിയമനങ്ങൾ എന്നിവയ്ക്കെല്ലാം നിയന്ത്രണ ഏജൻസികളുടെ നിർദേശങ്ങൾ ബാധകമാവും. ഓരോ കോഴ്സിലും 40 ശതമാനം സീറ്റുകൾ സംസ്ഥാനത്തെ സ്ഥിരം നിവാസികളായ വിദ്യാർഥികൾക്കു വേണ്ടി നീക്കിവയ്ക്കണം.
ഇതിൽ സംസ്ഥാനത്തു നിലവിലുള്ള സംവരണ സംവിധാനം ബാധകമാക്കുകയും ചെയ്യും. പട്ടികജാതി/പട്ടികവർഗ വിഭാഗത്തിലെ വിദ്യാർഥികൾക്കു നൽകുന്ന ഫീസിളവും സ്കോളർഷിപ്പും നിലനിർത്തുമെന്നും സർക്കാർ വ്യക്തമാക്കുന്നുണ്ട്. വിദ്യാഭ്യാസ മേഖലയിൽ അനുഭവപരിചയവും വിശ്വാസ്യതയുമുള്ള സ്പോൺസറിങ് ഏജൻസിക്കേ സ്വകാര്യ സർവകലാശാലയ്ക്കു വേണ്ടി അപേക്ഷിക്കാനാവൂ എന്നതും ശ്രദ്ധേയമാണ്.
സർവകലാശാലയ്ക്കു വേണ്ടി റെഗുലേറ്ററി ബോഡികൾ അനുശാസിക്കുന്ന പ്രകാരമുള്ള ഭൂമി കൈവശം വയ്ക്കണം തുടങ്ങിയ വ്യവസ്ഥകളുമുണ്ട്. സർക്കാർ നാമനിർദേശം ചെയ്യുന്ന പ്രമുഖ അക്കാദമിഷ്യനും ഒരു വൈസ് ചാൻസലറും, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, വിദ്യാഭ്യാസ കൗൺസിലിന്റെയും ആസൂത്രണ ബോർഡിന്റെയും നോമിനി, സ്വകാര്യ സർവകലാശാല സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ജില്ലയിലെ കലക്റ്റർ എന്നിവർ അംഗങ്ങളായ വിദഗ്ധ സമിതി അപേക്ഷ വിലയിരുത്തിയാണ് സർവകലാശാലയ്ക്ക് അനുമതി നൽകുന്നതിനുള്ള തീരുമാനം കൈകൊള്ളുന്നത്. അനധ്യാപകരുടെയും വിദ്യാർഥികളുടെയും ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും പരാതി പരിഹാര സംവിധാനങ്ങൾ ഉണ്ടായിരിക്കുകയും ചെയ്യുമെന്നും സർക്കാർ ഉറപ്പുനൽകുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്ത് അടിമുടി മാറ്റങ്ങളുണ്ടാക്കാൻ ഈ സർക്കാർ നയം കൊണ്ട് കഴിയുമോ എന്നതാണ് എല്ലാവരും ഉറ്റു നോക്കുന്നത്.