തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ ആരോപണവുമായി അധ്യാപകസംഘടനയായ കെപിഎസ്ടിഎ. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മേള നടത്തിയ അധ്യാപകരെ മന്ത്രി അവഹേളിച്ചെന്നാണ് പ്രധാന ആരോപണം. കലോത്സവത്തിന്റെ ഔദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പിലാണ് ശിവന്‍കുട്ടിയെ വിമര്‍ശിച്ച് പോസ്റ്റിട്ടിരിക്കുന്നത്.
സമ്മേളന വേദി മന്ത്രിയുടെ സ്റ്റാഫുകള്‍ കയ്യടക്കിയെന്നും സബ് കമ്മിറ്റി കണ്‍വീനര്‍മാരെ പൊലീസിനെ ഉപയോഗിച്ച് അപമാനിച്ച് ഇറക്കിവിട്ടെന്നും സംഘടന ഗുരുതര ആരോപണം ഉന്നയിച്ചു. വിദ്യാഭ്യാസ മന്ത്രി കലോത്സവ കാര്യം കഴിഞ്ഞപ്പോള്‍ തങ്ങള്‍ക്ക് കറിവേപ്പിലയുടെ വിലയാണ് നല്‍കിയതെന്നും ആരോപണം ഉയര്‍ന്നു.
സമാപന സദസ്സിന്റെ മുന്‍നിരയില്‍ പോലും സീറ്റ് നല്‍കാതെ തങ്ങളെ അപമാനിച്ചെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. പ്രതിഷേധം വിദ്യാഭ്യാസ മന്ത്രിയെ നേരിട്ട് അറിയിക്കുമെന്ന് കെപിഎസ്ടിഎ സംസ്ഥാന സമിതി അറിയിച്ചു.