രാജ് ബി ഷെട്ടി മലയാളത്തിൽ ആദ്യമായി നായകനായി എത്തുന്ന മലയാള ചിത്രം ‘രുധിര’ത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ജിഷോ ലോണ്‍ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായിക . ചിത്രം ഡിസംബർ 13 ന് തിയേറ്ററുകളിൽ എത്തും. ‘THE AXE FORGETS, BUT THE TREE REMEMBERS’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. സൈക്കോളജിക്കല്‍ ത്രില്ലറാണ് ചിത്രം.
മലയാളത്തിന് പുറമെ കന്നഡയിലും തെലുങ്കിലും തമിഴിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ഒരു ഡോക്ടറിന്റെ ജീവിതത്തിലെ ദുരൂഹത നിറഞ്ഞ സംഭവ വികാസങ്ങളിലൂടെയാണ് സിനിമയുടെ കഥാഗതി നീങ്ങുന്നത്. കിരണ്‍ ജോര്‍ജാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
റൈസിങ് സണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ വി.എസ്. ലാലനാണ് ചിത്രം നിർമിക്കുന്നത്. ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കുന്നു.